Image Credit: instagram/priyadhikari

Image Credit: instagram/priyadhikari

  • 'എല്ലാം നഷ്ടമായി. അഞ്ച് ഹൈഡ്രോ പവര്‍ പ്രോജക്ടുകള്‍ പോയി, ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഓരോ തവണ പറന്നിറങ്ങുമ്പോഴും രക്ഷിച്ചെടുക്കുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷത്തില്‍ ക്ഷീണം മറക്കുകയാണ്'

മിന്നല്‍ പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരന്തരം പറന്നെത്തുന്നത് 20ലേറെ ഹെലികോപ്ടറുകളാണ്. അതിന്‍റെ ഏകോപനം നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്ടര്‍ ക്യാപ്റ്റന്‍ പ്രിയ അധികാരിയെന്ന 40കാരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നൂറിലേറെ ദൗത്യമാണ് പ്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 'ഇടതടവില്ലാതെ പറന്ന് സംഘാംഗങ്ങളെല്ലാം ക്ഷീണിച്ച നിലയിലാണ് പക്ഷേ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏത് കഠിന സാഹചര്യത്തെയും അതിജീവിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെ'ന്ന് പ്രിയ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  Also Read: മരണസംഖ്യ ആയിരത്തിലേക്ക്; നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്

പ്രളയദുരന്തമേറ്റുവാങ്ങിയ റസുവയില്‍ നൂറുകണക്കിന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. റേഡിയോ സന്ദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും ജീവനോടെ ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അവര്‍ പറയുന്നു. ' അഞ്ചും ആറും ഹെലികോപ്ടറുകളാണ് ഒരേ സമയം ലാന്‍ഡ് ചെയ്യുന്നത്. റേഡിയോ വഴി കൃത്യമായി ആശയവിനിമയം നടത്തിയാണ് ഇത് സാധ്യമാക്കുന്നത്. പലയിടങ്ങളിലും കട്ടച്ചെളിയാണ്. അതുകൊണ്ട് തന്നെ ലാന്‍ഡിങ് അതീവ ദുഷ്കരവുമാകാറുണ്ട്'– പ്രിയ പറയുന്നു.

തിമൂറിന് മുകളിലൂടെ പറക്കുമ്പോള്‍ ചിതറിക്കിടക്കുന്ന മൃതശരീരങ്ങള്‍ കാണുന്നത് സങ്കടക്കാഴ്ചയാണെന്ന് പ്രിയ തുറന്ന് പറയുന്നു. ആദ്യ രണ്ട് ദിവസം മാത്രം 200 പേരെയാണ് ദുരന്ത ബാധിത പ്രദേശത്ത് നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. സൈന്യത്തിന്‍റെ അഗസ്റ്റ ഹെലികോപ്ടറുകളാണ് രക്ഷാദൗത്യത്തില്‍ ഉപയോഗിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. പ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് നേപ്പാളിനുണ്ടായത്. 'എല്ലാം നഷ്ടമായി. അഞ്ച് ഹൈഡ്രോ പവര്‍ പ്രോജക്ടുകള്‍ പോയി, ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഓരോ തവണ പറന്നിറങ്ങുമ്പോഴും രക്ഷിച്ചെടുക്കുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷത്തില്‍ ക്ഷീണം മറക്കുകയാണെന്നും അവരോട് ഈ കാലവും നേപ്പാള്‍ മറികടക്കുമെന്നും പ്രിയ പറയുന്നു. 2015 ലെ ഭൂകമ്പത്തെക്കാള്‍ തീവ്രമാണ് മിന്നല്‍ പ്രളയമുണ്ടാക്കിയ നഷ്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്‍വയണ്‍മെന്‍റല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം കാബിന്‍ക്രൂവായി ജോലി നോക്കുന്നതിനിടെയാണ് നേപ്പാളിന്‍റെ ആദ്യ വനിതാ ഹെലികോപ്ടര്‍ ക്യാപ്റ്റനെന്ന നേട്ടം പ്രിയ അധികാരി നേടിയെടുത്തത്. ഫിലിപ്പൈന്‍സില്‍ ഹെലികോപ്ടര്‍ പറത്താനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ അവര്‍ 2017 ല്‍ മുഴുവന്‍ സമയ ഹെലികോപ്ടര്‍ പൈലറ്റായി. അന്തരീക്ഷ മര്‍ദമേറിയ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ഹിമാലയന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും പ്രത്യേക പരിശീലനം നേടിയ പ്രിയ, എവറസ്റ്റ് പര്‍വതാരോഹകരുടെ രക്ഷാപ്രവര്‍ത്തനങ്ങളിലും ഭാഗമായിട്ടുണ്ട്. താന്‍ ഹെലികോപ്ടര്‍ ക്യാപ്റ്റനായപ്പോള്‍ 'ഒരു സ്ത്രീക്ക് ഇതൊക്കെ സാധിക്കുമോ' എന്ന ചോദ്യം സാധാരണമായിരുന്നുവെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്രയെന്നും അവര്‍ തുറന്ന് പറയുന്നു.

ENGLISH SUMMARY:

Captain Priya Adhikari, Nepal’s first female helicopter captain, has emerged as a beacon of hope after completing over 100 rescue missions in just six days following severe flash floods in Nepal. Navigating hazardous terrain and deep mud in affected regions like Rasuwa, the 40-year-old aviator has personally saved hundreds of stranded victims while efficiently coordinating high-risk air operations. Despite witnessing widespread devastation, lost lives, and destroyed infrastructure, Adhikari draws strength from the relief on survivors' faces as her team continues nonstop operations using military Agusta helicopters. A seasoned Himalayan rescue pilot trained in high-altitude aviation in the Philippines, Adhikari continues to challenge gender stereotypes while leading critical disaster response efforts.