Image Credit: X/@TMZ
സ്ത്രീകളുടെ പിന്നാലെ നടന്ന് മണക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. 39 കാലേസ് ക്രൗഡറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാലിഫോർണിയയിലെ ഗ്ലെൻഡേലിലാണ് സംഭവം. നഗരത്തിലെ സൂപ്പർ മാർക്കറ്റിലും പ്രമുഖ തുണിക്കടയിലും എത്തിയ സ്ത്രീകൾക്ക് നേരെ സംശയാസ്പദവും വികൃതവുമായ രീതിയിൽ ലൈംഗിക അതിക്രമത്തിന് തുനിഞ്ഞതിനെ തുടർന്ന് ലഭിച്ച പരാതികളിലാണ് പോലീസ് നടപടി.
തുണിക്കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് സ്ത്രീകള്‍ക്ക് ദുരനുഭവമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രതി ആളുകളുടെ പിന്നിൽ കുനിഞ്ഞിരുന്ന് മണക്കാൻ ശ്രമിച്ചതായാണ് പരാതി. ഒരു യുവതിയുടെ കാലുകൾക്ക് സമീപം പ്രതി കുനിഞ്ഞിരിക്കുന്നതായി വിഡിയോയിൽ കാണാം. എന്താണ് ചെയ്യുന്നതെന്ന് യുവതി ചോദിച്ചപ്പോൾ ഷൂസിന്റെ ലേസ് കെട്ടുകയാണെന്നാണ് അയാൾ മറുപടി നൽകിയത്. രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ക്രൗഡറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാലിഫോർണിയയിലെ കടകളിൽ അനുചിതമായി പെരുമാറിയതിന് നേരത്തെയും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.
2025 ജൂലൈയിൽ പ്രമുഖ തുണിക്കടയില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതിന് ക്രൗഡറെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത മാസം സ്ത്രീയുടെ പിന്നിൽ നിന്ന് മണം പിടിച്ചതിന് ശേഷം അയാൾ വീണ്ടും അറസ്റ്റിലായി. 2021 മുതൽ ഗ്ലെൻഡേലിലും ബർബാങ്കിലും ക്രൗഡറിനെതിരെ സമാന പരാതികളുണ്ട്. പരോളില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്.