നേപ്പാളിലെ പ്രളയമണ്ണില്‍ നിന്നും വരുന്ന ഭീതിദമായ കാഴ്ചകള്‍ക്കിടെ ഒരു അദ്ഭുതക്കാഴ്ച. അപ്രതീക്ഷിതമായ ദുരന്തത്തില്‍ വീടുകള്‍ തകര്‍ന്ന് മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി സായുധ പൊലീസ് സേന. റസുവ ജില്ലയിലെ തിമൂരെയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന സായുധ പൊലീസ് സംഘം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കരച്ചില്‍ എന്നു ബോധ്യപ്പെട്ടതോടെ കരുതലോടെ സംഘം കൈകളുപയോഗിച്ചും ചെറിയ ആയുധങ്ങള്‍കൊണ്ടും മണ്ണും അവശിഷ്ടങ്ങളും മാറ്റാന്‍ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആറുവയസുകാരിയെ സുരക്ഷിതമായി പുറത്തെടുത്തു.
Also Read: നിയന്ത്രണങ്ങളില്ലാത്ത ചൈനീസ് ഇടപെടല്‍; നേപ്പാള്‍ നോവിന് പിന്നിലും ചൈന; പ്രളയത്തിന് കാരണക്കാര്‍
മണ്ണില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ കുട്ടിയുടെ ആരോഗ്യാവസ്ഥ തീര്‍ത്തും വഷളായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ രക്ഷാസംഘം കുട്ടിയെ തിമൂരെയിലെ ബോർഡർ ഔട്ട്പോസ്റ്റിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഉടന്‍ തന്നെ കഠ്മണ്ഡുവിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും രാത്രിയിലെ വെളിച്ചക്കുറവും മൂലം വ്യോമമാര്‍ഗം എത്തിക്കാന്‍ സാധിച്ചില്ല. പിന്നീട് ശനിയാഴ്ച ഉച്ചയോടെ ഹെലികോപ്റ്ററിൽ കുഞ്ഞിനെ കഠ്മണ്ഡുവിലെത്തിച്ചു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. ദുരന്തത്തിനിടയിലും ഈ പെൺകുട്ടിയുടെ അത്ഭുതകരമായ തിരിച്ചുവരവ് രക്ഷാപ്രവർത്തകർക്കും ഉറ്റവരെ തിരയുന്ന കുടുംബങ്ങൾക്കും വലിയൊരു പ്രതീക്ഷയായി മാറുകയാണ്.
ബുധനാഴ്ച ഹിമാലയൻ പർവ്വതനിരകളിൽ ഉണ്ടായ ഹിമാനി പതനത്തെ തുടർന്നാണ് ഭോതെ കോസി, തൃശൂലി നദികളിൽ മണ്ണും പാറക്കല്ലുകളും മഞ്ഞും കലർന്ന വെള്ളപ്പൊക്കമുണ്ടായത്. ദുരന്തത്തിൽ നേപ്പാളിൽ 730ലധികം ആളുകളും ടിബറ്റിൽ ഏഴ് പേരും കൊല്ലപ്പെട്ടു. നേപ്പാളിൽ 2,426 പേരെയും ടിബറ്റിലെ ഗൈറോങ് കൗണ്ടിയിൽ 554 പേരെയും ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരിൽ 540-ഓളം വിദേശികളുമുണ്ട്. കൈലാസ മാനസസരോവർ യാത്രയ്ക്കായി പുറപ്പെട്ട നിരവധി ഇന്ത്യൻ തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദഗ്ധ സംഘങ്ങൾ ദുരന്തഭൂമിയിൽ നേപ്പാളിന് സഹായവുമായി എത്തിയിട്ടുണ്ട്. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ഏകദേശം 400 കോടി മുതൽ 500 കോടി ഡോളർ വരെ ചെലവ് വരുമെന്നാണ് പ്രാരംഭ നിഗമനം.