A woman and her child rescued from an area cut off by flash flooding stands for registration in Nepal's Nuwakot district, Saturday, Aug. 29, 2026. (AP Photo/Dar Yasin)
നേപ്പാളിൽ പ്രളയത്തെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. 675 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രണ്ടായിരത്തിലധികം പേരെ കുറിച്ച് വിവരമില്ല. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുകയാണ് സർക്കാർ. ഇവരുടെ DNA സാംപിളും മറ്റ് അടയാളങ്ങളും ശേഖരിച്ച് സൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി ബാലേൻ ഷാ അറിയിച്ചു.
അതേ സമയം ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നടക്കം അവശ്യ വസ്‌തുക്കൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഗുരുതര രോഗം ബാധിച്ചവരും പ്രായമായവരും മറ്റൊരു ദുരന്തത്തെയാണ് മുന്നിൽ കാണുന്നത്. രക്ഷാ ദൗത്യത്തിനൊപ്പം താൽക്കാലിക റോഡുകളും പാലങ്ങളും നിർമിക്കാനും വാർത്താവിനിമയ സംവിധാനങ്ങൾ പൂർവസ്ഥിതിയിൽ ആക്കാനും ഉള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു.
അതേസമയം നേപ്പാളിൽ കാണാതായ ഇന്ത്യക്കാരുടെ എണ്ണം 275ലേറെയെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ വംശജരായ 128 പേരെയും കാണാനില്ല. ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ലെന്ന് നോർക്കയും അറിയിച്ചു. ഇതിൽ നാലുപേർ വിദേശ പൗരന്മാരാണ്. നേപ്പാളിൽനിന്ന് 108 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തി. നേരത്തെ വിവരമില്ലാതിരുന്ന 50 ഇന്ത്യൻ പൗരന്മാരുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ 598 ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായി ചൈനയിൽനിന്ന് നേപ്പാളിലേക്ക് കടന്നു. ചൈനയുടെ ഭാഗത്ത് ഏകദേശം 900 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിനുള്ള കൂടുതൽ സഹായവുമായി അടുത്ത വിമാനം ഉടൻ യാത്ര തിരിക്കും.