കണ്ടാല്‍ രുചി തോന്നുന്നൊരു മിഠായി. അതും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയുടെ ആകൃതിയില്‍. പക്ഷേ വിഴുങ്ങിയാല്‍ ജീവനൊടുക്കും. മാര്‍ക്കറ്റിലിറങ്ങിയ പുതിയ ലഹരി മിഠായിയെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ് അധികൃതര്‍. കണ്ടാല്‍ നിസാരമായി തോന്നിയേക്കാവുന്ന ഈ മിഠായി എക്സ്റ്റസി എന്ന പില്ലുകള്‍ അടങ്ങിയതാണ്. എംഡിഎംഎയേക്കാള്‍ പതിന്മടങ്ങ് അപകടകാരിയായ ലഹരിയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ വന്‍തോതില്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
ട്രംപിന്‍റെ തലയുടെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന മിഠായിയുടെ പിന്നില്‍ ഇംഗ്ലീഷ് അക്ഷരങ്ങളായ 'N,L' എന്നും ‘Trump' എന്നും അച്ചടിച്ചിട്ടുണ്ട്. എംഡിഎംഎയ്ക്ക് സമാനമാണ് ഇത് കഴിച്ചാലുള്ള ലഹരി. പാരാ മെത്തോക്സി മെത്തംഫെറ്റമീന്‍ ആണ് മിഠായിയിലെ പ്രധാന ഘടകം. എംഡിഎംഎ ഉടന്‍ ഫലം കാണിക്കുമ്പോള്‍ പാരാ മെത്തോക്സി മെത്തംഫെറ്റമീന്‍ ഏറെ വൈകിയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക. ഇത് കാരണം പലപ്പോഴും അളവ് മനസിലാകാതെ ലഹരി ഉപഭോക്താക്കള്‍ ഇത് കൂടുതല്‍ കഴിക്കുന്നു. ഓവര്‍ഡോസ് ആകുന്നതോടെ ഹൃദയമിടിപ്പ് നിലയ്ക്കാനും കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാനും സാധ്യതയുണ്ട്.
നെതര്‍ലന്‍ഡ്സിലെ പ്രശസ്തമായ മാനസികാരോഗ്യ സംഘടനയായ ട്രിംബോസാണ് ലഹരിയുടെ തീവ്രത മനസിലാക്കി ലഹരി ഉപഭോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 2017ല്‍ സമാനമായ സാഹചര്യത്തില്‍ ട്രംപിന്‍റെ തലയുള്ള ലഹരിമിഠായി ജര്‍മനിയില്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇതിലേറെ ഭയാനകമാണ് കണ്ടെത്തിയ പുതിയ ട്രംപ് മിഠായി.