നേപ്പാളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ കാട്ടിലേക്ക് ഓടിക്കയറി മരത്തിൽ അഭയം തേടിയ എട്ടുവയസുകാരന് ഒടുവിൽ അമ്മയുടെ കൈകളിലേക്ക് സുരക്ഷിത മടക്കം. സോയൽ ഘാലെ എന്ന ബാലനാണ് മലവെള്ളപ്പാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രളയത്തിൽ തന്‍റെ രണ്ട് മക്കളെയും നഷ്ടപ്പെട്ടെന്ന് കരുതി തളർന്നിരുന്ന അമ്മയ്ക്ക് സോയലിനെ തിരികെ ലഭിച്ചത് വിശ്വസിക്കാനാകാത്ത ആശ്വാസമായി.
വടക്കൻ ജില്ലയായ രസുവയിൽ നിന്ന് മുഖത്തും കാലിലും പരുക്കുകളോടെ ഒരു ദിവസം മുൻപാണ് സോയലിനെ വിമാനമാർഗം രക്ഷപ്പെടുത്തിയത്. അതേസമയം, മക്കളെ തേടി സോയലിന്റെ അമ്മ മട്ടി മായാ തമാംഗ് (28) ദുരിതാശ്വാസ ക്യാംപുകൾ തോറും അലയുകയായിരുന്നു. ക്യാംപുകളിലൊന്നും മക്കളെ കണ്ടെത്താനാകാതെ വന്നതോടെ ഇരുവരും ഇനി ജീവനോടെയില്ലെന്ന് കരുതി തകർന്നിരിക്കുകയായിരുന്നു അമ്മ.“എന്‍റെ രണ്ട് മക്കളും ഇനി ഇല്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. എനിക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. സ്വയം നിയന്ത്രിക്കാൻ പോലും കഴിയുമായിരുന്നില്ല” — മട്ടി മായാ തമാംഗ് പറഞ്ഞു. ഒടുവിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് അയൽജില്ലയായ നുവാകോട്ടിലെ ഒരു ചെറിയ ആശുപത്രിയിൽ സോയലിനെ കണ്ടെത്തിയത്. അവിടെവച്ചാണ് അമ്മയും മകനും വീണ്ടും കണ്ടുമുട്ടിയത്. സോയലിന്‍റെ ഇളയ സഹോദരനെയും പിന്നീട് കണ്ടെത്താനായി.
“മൂത്ത മകനെക്കൂടി കണ്ടെത്തിയപ്പോൾ എനിക്ക് എന്‍റെ ജീവൻ തിരികെ കിട്ടിയതുപോലെ തോന്നി” — അമ്മ പറഞ്ഞു. ബുധനാഴ്ച രാവിലെ രണ്ട് മക്കളും സ്കൂൾ വാഹനത്തിൽ സ്കൂളിലേക്ക് പോയതിന് പിന്നാലെ തയ്യൽ ജോലി ചെയ്യുന്നതിനിടെയാണ് ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം തമാംഗ് കേട്ടത്. “എല്ലാ വസ്തുക്കളും ഒലിച്ചുപോകുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ മക്കളും ഒഴുക്കിൽപ്പെട്ടുപോയെന്നാണ് ഞാൻ കരുതിയത്” — അവർ പറഞ്ഞു. സാധാരണ 15 മുതൽ 20 മിനിറ്റ് വരെ യാത്ര ചെയ്യേണ്ട ദൂരത്തുള്ള സ്കൂളിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പ്രദേശം തിരിച്ചറിയാൻ പോലും കഴിയാത്തവിധം മാറിയിരുന്നു. സ്കൂൾ കെട്ടിടം പൂർണമായും തകർന്നിരുന്നു. സ്കൂൾ എവിടെയായിരുന്നു, മാർക്കറ്റ് എവിടെയായിരുന്നു എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥ. എല്ലായിടത്തും വെള്ളവും കല്ലുകളും ചെളിയും മാത്രമായിരുന്നു.
.
ഉരുൾപൊട്ടലിനെ തുടർന്ന് വടക്കൻ നേപ്പാളിലൂടെയും ടിബറ്റിലൂടെയും വെള്ളവും അവശിഷ്ടങ്ങളും കുത്തിയൊഴുകിയെത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ പ്രദേശങ്ങൾ തകർന്നുതരിപ്പണമായി. ലാംഗ്താങ് ലിറംഗ് പർവതനിരയ്ക്ക് സമീപമുള്ള ഹിമാനിയുടെ താഴ്ഭാഗം തകർന്നുവീണ് താഴ്‌വരയിലേക്ക് വെള്ളവും മഞ്ഞും പാറകളും കുത്തിയൊഴുകിയതാണ് മിന്നൽപ്രളയത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ വൻ ഉരുൾപൊട്ടലും ഉണ്ടായി. പ്രളയസമയത്ത് താൻ ക്ലാസിലായിരുന്നുവെന്ന് സോയൽ പറഞ്ഞു. പെട്ടെന്ന് എല്ലായിടത്തും ഇരുട്ട് വ്യാപിച്ചു. തുടർന്ന് കൂട്ടുകാർക്കൊപ്പം കാട്ടിലേക്ക് ഓടിക്കയറി മരത്തിൽ കയറുകയായിരുന്നു. പ്രളയത്തിനിടെ പേടി തോന്നിയിരുന്നോ എന്ന ചോദ്യത്തിന് സോയലിന്‍റെ മറുപടി ‘ഇല്ല’ എന്നായിരുന്നു. രസുവ, നുവാകോട്ട്, ധാഡിങ് എന്നീ ജില്ലകളിലായി കുറഞ്ഞത് 17,000 കുട്ടികളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന് യുണിസെഫ് വ്യക്തമാക്കി. കുടുംബങ്ങളിൽ നിന്ന് വേർപെട്ട കുട്ടികളെ കണ്ടെത്താനും രജിസ്റ്റർ ചെയ്യാനും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും നേപ്പാൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യുണിസെഫ് അറിയിച്ചു.
ജപ്പാനിൽ നിർമാണത്തൊഴിലാളിയായ സോയലിന്‍റെ പിതാവും നാട്ടിലേക്ക് മടങ്ങുകയാണെന്ന് അമ്മ പറഞ്ഞു. ബുധനാഴ്ചയുണ്ടായ വെള്ളപ്പൊക്കം രസുവയിലെ ജീവിതത്തെ പൂർണമായി മാറ്റിമറിച്ചെങ്കിലും, മകനെ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് തമാംഗ്. “ഓ, അവൻ എപ്പോഴും ഒരു കുസൃതിക്കുട്ടിയാണ്. അവന്റെ കാൽ ഒടിയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല” — ആശ്വാസത്തിന്‍റെ നെടുവീർപ്പോടെ അമ്മ പറഞ്ഞു.