അണിഞ്ഞൊരുങ്ങി പുറത്ത് പോയി അവസാനം മൊട്ടയായി വീട്ടിലേക്ക് മടങ്ങേണ്ടിവന്ന അവസ്ഥ. ലഹരിയിൽ സ്വയം മറന്നതാണ് ബാങ്കോക്കിലെ പതിനെട്ടുകാരിയെ കുടുക്കിയത്. ബാറിൽ മദ്യപിക്കാനെത്തിയ യുവതി വാങ്ങിയത് 200 പെഗ് മദ്യം. ഒടുവിൽ ബില്ലടയ്ക്കാൻ മാർഗമില്ലാതായപ്പോൾ ബാർ ജീവനക്കാർ പറഞ്ഞതുപ്രകാരം സ്വന്തം മുടി മുറിച്ചുനൽകേണ്ടിവന്നെന്നാണ് റിപ്പോർട്ട്. 60,000 തായ് ബാഹ്ത്, ഏകദേശം 1.73 ലക്ഷം രൂപയായിരുന്നു ബിൽ. പണം നൽകാൻ കഴിയാതെ വന്നതോടെയാണ് മുടി മുറിച്ചുനൽകാൻ യുവതി സമ്മതിച്ചത്.
ഹോസ്റ്റ് ബാറുകൾക്ക് പ്രശസ്തമാണ് ബാങ്കോക്ക്. പുരുഷ ജീവനക്കാർ ഉപഭോക്താക്കൾക്ക് മദ്യം വിളമ്പുകയും അവരുമായി സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്തരം ബാറുകളുടെ പ്രത്യേകത. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഒരു ഹോസ്റ്റ് ബാറിലെ ജീവനക്കാരനെ കാണാനായാണ് 18കാരി ബാറിലെത്തിയത്. ഇയാളുമായി സംസാരിക്കുന്നതിനിടെ യുവതിക്ക് പ്രണയം തോന്നിയെന്നും തുടർന്ന് ഇയാൾക്കും ബാറിലെ മറ്റ് ജീവനക്കാർക്കും മദ്യം വാങ്ങിനൽകാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.
ബീച്ചില്‍ മദ്യപാനത്തിനിടെ കണ്ടുമുട്ടി; യുവതിയുമായി റോഡില്‍ കിടന്ന് സെക്സ്; യുവാവ് പിടിയില്‍...
ഒരു ഗ്ലാസിന് 250 ബാഹ്ത്, ഏകദേശം 720–750 രൂപയായിരുന്നു വില. ഇത്തരത്തിൽ 200 ഗ്ലാസ് മദ്യം വാങ്ങിയതോടെ ബിൽ 60,000 ബാഹ്തായി. ബിൽ വന്നപ്പോഴാണ് തനിക്ക് ഇത്രയും വലിയ തുക നൽകാനുണ്ടെന്ന് യുവതി മനസ്സിലാക്കിയത്. തുടർന്ന് പണം കണ്ടെത്താനായി മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ യുവതി അമ്മയെ വിളിച്ചു. ബാർ ജീവനക്കാരുമായി സംസാരിച്ച അമ്മ, മാസം 3,000 ബാഹ്ത് വീതം അടയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല.
പകരം ബാറിലെ വൃത്തിയാക്കൽ ജോലികൾ ചെയ്ത് തുക അടയ്ക്കാൻ അവസരം നൽകാമെന്ന് ജീവനക്കാർ പറഞ്ഞു. ഇതിനും യുവതി തയ്യാറായില്ല. തുടർന്നാണ് മുടി മുറിച്ച് വിറ്റ് പണം ഈടാക്കാമെന്ന് ജീവനക്കാർ നിർദേശിച്ചത്. അമ്മയും ഇതിന് സമ്മതിച്ചു. മുടിയുടെ നീളം കുറയ്ക്കുക മാത്രമായിരിക്കും ചെയ്യുന്നതെന്നാണ് യുവതി കരുതിയത്. എന്നാൽ മുഴുവൻ മുടിയും മുറിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെ യുവതിക്ക് തല മൊട്ടയടിക്കാൻ സമ്മതിക്കേണ്ടിവന്നു.
മുടി മുറിക്കുന്ന ദൃശ്യങ്ങൾ ബാർ ജീവനക്കാർ തന്നെ വീഡിയോയിൽ പകർത്തി. പിന്നീട് ഈ വീഡിയോ പുറത്തായതോടെയാണ് സംഭവം വാർത്തയായത്.
സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. മുടി മുറിക്കുന്നതിന് മുൻപ് ജീവനക്കാർ തന്നെ പിടിച്ച് തള്ളിയെന്നും ബിൽ അടച്ചില്ലെങ്കിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. എന്നാൽ ജീവനക്കാർ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ബാർ ഉടമയുടെ വാദം. വീഡിയോ ചോർന്നതാണെന്നും ഉടമ വ്യക്തമാക്കി.
യുവതിക്ക് ഇതിന് മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ മറ്റൊരു അവസരത്തിൽ 13,000 ബാഹ്തിന്റെയും, പിന്നീട് 30,000 ബാഹ്തിന്റെയും ബിൽ വന്നതിനെ തുടർന്ന് യുവതി കുടുങ്ങിയിരുന്നു. അന്ന് പണം നൽകി തലയൂരുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ബാറുകളിൽ പ്രവേശിക്കാൻ തിരിച്ചറിയൽ രേഖയിൽ പ്രായം 20 വയസാക്കി തിരുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.