Image Credit: CCTV
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 കടന്നിരിക്കുകയാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഇനിയുമൊരു കൂറ്റന്‍ ഉരുള്‍പൊട്ടല്‍ പ്രവചിച്ച് വിദഗ്ധര്‍. ദുരന്തമുഖത്തിന് അടുത്തായി നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ രൂപംകൊണ്ട തടാകമാണ് ഭീതി സൃഷ്ടിക്കുന്നത്. തടാകത്തിലേക്ക് ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തടാകത്തില്‍ 250 കോടി ലീറ്റര്‍ വെള്ളം കെട്ടിക്കിടക്കുന്നുതായാണ് വിവരം. തടാകത്തെ ചൈന ‘ഹൈ റിസ്ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ച് കഴിഞ്ഞു.
മണ്ണ് ഒലിച്ചെത്തി അതിരുകള്‍ ഉണ്ടായി രൂപപ്പെട്ട പുതിയ തടാകത്തില്‍ കൂടുതല്‍ ജലം നിറഞ്ഞാല്‍ ഇത് പൊട്ടുമെന്ന ആശങ്ക കാരണം ദുരന്തപ്രദേശത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 300 കോടി ലീറ്റര്‍ വെള്ളം തടാകത്തിലെത്തിയാല്‍ തടാകത്തിന്‍റെ അതിരുകള്‍ പൊട്ടി ഇത് താഴേക്കൊഴുകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചൊച്ചെന്‍ കോല, പുരെപു സാങ്പോ എന്നീ നദികളിലെ ജലമാണ് തടാകത്തിലേക്കെത്തുന്നത്.
ബീച്ചില്‍ മദ്യപാനത്തിനിടെ കണ്ടുമുട്ടി; യുവതിയുമായി റോഡില്‍ കിടന്ന് സെക്സ്; യുവാവ് പിടിയില്‍...
എന്നാല്‍ തടാകം പൊട്ടിയില്ലെങ്കില്‍ ക്രമേണ ചെറിയ പുഴയായി ഒഴുകി ഈ വെള്ളം കുറയാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 7 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്ന് ഇതിനോടകം ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍ ഉരുള്‍പൊട്ടല്‍ പുഴയുടെ സ്വാഭാവിക പാതയുടെ വിസ്തീര്‍ണം വലുതാക്കിയതിനാല്‍ പുതിയ തടാകം പൊട്ടിയാല്‍ അത് കൂടുതല്‍ ശക്തമായി ഒഴുകുമെന്ന ആശങ്കയുമുണ്ട്.
ഇതിനിടെ ആയിരത്തി നാനൂറോളം പേരെയാണ് ദുരന്തത്തില്‍ കാണാതായതായി കണക്കാക്കുന്നത്. ഇതിൽ 204 ഇന്ത്യക്കാരുമുണ്ട്. രക്ഷാപ്രവർത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് നേപ്പാൾ അറിയിച്ചു. നേപ്പാളിലേക്ക് കൂടുതൽ സഹായവുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ഇന്നും സർവീസ് നടത്തും. ഇതുവരെ രണ്ട് വിമാനങ്ങളിലായി 47.5 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണ സാമഗ്രികൾക്കും മരുന്നുകൾക്കും ഭക്ഷണപ്പൊതികൾക്കും പിന്നാലെ ബെയ്‌ലി പാലം നിർമിക്കാൻ ആവശ്യമായ വസ്തുക്കളും വ്യോമസേന വിമാനത്തിൽ കൊണ്ടുപോകും. നേരിട്ടുള്ള രക്ഷാപ്രവർത്തനത്തിന് നേപ്പാൾ അഭ്യർഥിച്ചാൽ മാത്രമാകും ഇന്ത്യ NDRFനെ അയക്കുക. പ്രളയജലം ഒഴുകിയെത്തുന്നതിനാൽ ബിഹാർ, യു.പി അതിർത്തികളില്‍ ജാഗ്രത തുടരുകയാണ്. ഗണ്ഡക് നദീതീരത്തുനിന്ന് ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയം.