യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ ഭരണാധികാരിയും നോർവേ രാജാവുമായ ഹരാൾഡ് അഞ്ചാമന്റെ അന്തരിച്ചു. 89 വയസായിരുന്നു. രക്തസംബന്ധമായ രോഗബാധയെ തുടർന്ന് ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഹരാള്‍ഡ് രാജാവിന്‍റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകൻ കിങ് ഹാക്കോൺ എട്ടാമൻ പുതിയ രാജാവായി അധികാരമേൽക്കും.

ഓഗസ്റ്റ് 28 വെള്ളി രാവിലെ 6.35ന് ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് ഹരാൾഡ് രാജാവ് വിടവാങ്ങിയെന്നും ഈ വിവരം അത്യധികം ദുഃഖത്തോടെ അറിയിക്കുന്നെന്നും ഓസ്ലോയിലെ രാജകൊട്ടാരം അറിയിച്ചു. രാജാവിന്‍റെ മരണത്തില്‍ അനുശോചിച്ച് രാജ്യത്തുടനീളമുള്ള പതാകകൾ പകുതി താഴ്ത്തിക്കെട്ടി, ഉച്ചയ്ക്ക് പള്ളികളിൽ മണി മുഴക്കും. നൂറു കണക്കിന് നോർവീജിയൻ ജനങ്ങൾക്കൊപ്പം പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയും ഹരാൾഡ് രാജാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

1991 മുതൽ നോർവേയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്നു ഹരാൾഡ്. സമീപകാലത്ത് രാജാവിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മൂത്രസഞ്ചിയിലെ കാൻസറിനും, 2024-ൽ പേസ്‌മേക്കർ ഘടിപ്പിക്കുന്നതിനുമുള്ള ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. എന്നാല്‍ നോർവേ പാർലമെന്റിന് മുമ്പാകെ താൻ എടുത്ത ആജീവനാന്ത പ്രതിജ്ഞ പാലിക്കുമെന്ന് വ്യക്തമാക്കി അദ്ദേഹം സ്ഥാനത്യാഗം ചെയ്യുമെന്ന പാടെ തളളിക്കളഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്തായി ശരീരത്തിലെ ചുവന്ന രക്താണുക്കൾ അസാധാരണമാംവിധം വേഗത്തിൽ നശിക്കുന്ന ഹീമോലൈറ്റിക് അനീമിയ ബാധിച്ചതോടെ മകന്‍ ഹാക്കോൺ എട്ടാമൻ ഭരണച്ചുമതല താല്‍ക്കാലികമായി ഏറ്റെടുക്കുകയായിരുന്നു. 

ENGLISH SUMMARY:

King Harald V, Europe's oldest reigning monarch and King of Norway, has passed away at the age of 89. His death occurred at Oslo University Hospital following a battle with a blood-related illness, and his son will now ascend to the throne.