നേപ്പാളില്‍ വന്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ ആശങ്ക. പ്രളയജലവും ചെളിയും നഗരത്തെയും ആളുകളേയും മൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുകയാണ്. നേപ്പാളിലെ രസുവ ജില്ലയ്ക്ക് തൊട്ടുമുകളിലായി സ്ഥിതി ചെയ്യുന്ന ഗൈറോങ് പോർട്ടില്‍ പെട്ടെന്നുണ്ടായ ശക്തമായ പ്രളയം വലിയ നാശമാണ് വിതച്ചത്. രസുവാഗധി അതിർത്തിയിലെ ചൈനീസ് ഇമിഗ്രേഷൻ ഓഫീസ് കെട്ടിടത്തിൽ നിന്ന് പെട്ടെന്ന് കനത്ത പ്രളയജലം കുത്തിയൊലിച്ച് പുറത്തേക്ക് ഒഴുകുന്നതിന്റെയും റോഡിലേക്ക് പടരുന്നതിന്റെയും ഭീതിജനകമായ സിസിടിവി  ദൃശ്യങ്ങൾ പുറത്തുവന്നു.

കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രളയജലം ഇരച്ചെത്തുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് മിനിറ്റുകൾക്കുള്ളിൽ പടരുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ ജീവരക്ഷാർത്ഥം ഓടിമാറാന്‍ ശ്രമിക്കുന്നതും അവരുടെ മുകളിലേക്ക് പ്രളയജലം ഇരച്ചെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

മലനിരകളിൽ നിന്ന് വൻതോതിൽ ഇരച്ചെത്തിയ പ്രളയജലത്തിലും ചെളിയിലും പെട്ട് അതിർത്തിയിലെ ബഹുനില പാർക്കിങ് സമുച്ചയം തകരുകയും അവിടെ നിർത്തിയിട്ടിരുന്ന കാറുകളും ബസുകളും കുത്തിയൊലിച്ചു പോവുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറുകണക്കിന് ആളുകൾ ജീവരക്ഷാർത്ഥം സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്നതിനിടെയാണ് നിമിഷങ്ങൾക്കുള്ളിൽ തിരക്കേറിയ അതിർത്തി മേഖല ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ അവസ്ഥയിലായത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പാർക്കിങ് കേന്ദ്രത്തിന്റെ മുകളിലത്തെ തട്ടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രളയജലത്തിന്റെ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് തകർന്നുവീഴുന്നതും കെട്ടിടം നിലംപൊത്തുന്നതുമുണ്ട്. 

ചൈനീസ് അതിർത്തി മേഖലയിലാണ് ആദ്യം മലവെള്ളപ്പാച്ചിൽ ആഞ്ഞടിച്ചതെങ്കിലും തൊട്ടടുത്ത നേപ്പാളിലെ രസുവ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രളയം വലിയ തോതിൽ നാശനഷ്ടം വരുത്തിവച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരണം 55 ആയി. നാല് ജില്ലകളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. ഗ്രാമങ്ങള്‍ ഒലിച്ചുപോയി. 291 വിനോദസഞ്ചാരികളെ കാണാതായി. ഇതില്‍ 105പേര്‍ ഇന്ത്യക്കാരാണ്. മഞ്ഞുതടാകത്തിൽ 7 അടി ഉയരത്തിൽ വെള്ളമുണ്ടെന്നും ഏതു സമയവും പൊട്ടിയേക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. ബിഹാറിലും യുപിയിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഗണ്ഡക് നദിയുടെ തീരങ്ങളില്‍ മുന്നറിയിപ്പുണ്ട്. 

ENGLISH SUMMARY:

A massive flash flood triggered by a glacial burst swept through the Gyirong Port near the China-Nepal border, burying buildings and vehicles in thick mud. Harrowing CCTV footage captured raging torrents of water surging into immigration offices and sweeping away cars as residents desperately fled for safety. The disaster has pushed the death toll to 55 across four districts, with nearly 300 tourists reported missing, including 105 Indian nationals. Authorities in India have issued high alerts along the Gandak River basin in Bihar and Uttar Pradesh as water levels surge downstream.