നേപ്പാളില്‍ വന്‍ മിന്നല്‍ പ്രളയം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന മൂന്ന് ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി. 95 മരണം സ്ഥിരീകരിച്ചു. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ ഇന്ത്യയുടെ സഹായംതേടി. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
രാവിലെ ഒന്‍പതുമണിയോടെയാണ് ടിബറ്റില്‍ നിന്നുള്ള ഭോതെ കോസി നദിയില്‍ വെള്ളം ഇരച്ചെത്തിയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളെയാണ് മിന്നല്‍ പ്രളയം സാരമായി ബാധിച്ചത്. നുവാകോട്ടില്‍ മാത്രം 60 വീടുകള്‍ പ്രളയജലമെടുത്തു. ആളുകള്‍ക്ക് ഓടിരക്ഷപ്പെടാന്‍ പോലും സമയം ലഭിച്ചില്ല. ഗ്രാമങ്ങള്‍ അപ്പാടെ തുടച്ചുനീക്കപ്പെട്ടു. ചെറുഡാമുകള്‍ തകര്‍ന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. മരണ സംഖ്യ വന്‍തോതില്‍ ഉയര്‍ന്നേക്കാമെന്ന് നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ 14 ഹെലികോപ്റ്ററുകള്‍ അടക്കം രംഗത്തുണ്ട്.
കാണാതായ ഇന്ത്യക്കാരില്‍ ഏറെയും തീര്‍ഥാടനത്തിനും വിനോദയാത്രയ്ക്കും എത്തിയവരാണ്. നേപ്പാളിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി നമ്പറുകള്‍ പ്രഖ്യാപിച്ചു. ബോതെ കോസി നദി ഗണ്ഡക് നദിയായി ബിഹാറിലൂടെയും ഉത്തര്‍പ്രദേശിലൂടെയും ഒഴുകുന്നുണ്ട്. രണ്ടു സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
യു.പിയില്‍ ഖുഷിനഗര്‍, മഹാരാജ്ഗഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ബിഹാറിലും യു.പിയിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ഭൂചലനത്തെ തുടര്‍ന്ന് മഞ്ഞുമലകളും മഞ്ഞുതടാകങ്ങളും തകര്‍ന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ടിബറ്റിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന മഞ്ഞുതടാകത്തില്‍ ഏഴടിയോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും ഏതുനിമിഷവും പൊട്ടി വീണ്ടും പ്രളയമുണ്ടാകാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്‍ ഷായെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി സംഘം
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി സംഘം. കൊച്ചിയില്‍നിന്ന് പോയ 36 അംഗ സംഘം നിലവില്‍ സുരക്ഷിതരാണ്. കാട്ടുപാതയിലൂടെ അവരെ കാഠ്മണ്ഡുവില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നു.
ഈ മാസം 23ന് നെടുമ്പാശേരിയില്‍നിന്നാണ് മലയാളി സംഘം പുറപ്പെട്ടത്. കോട്ടയത്തെ ലെന്‍സ്ഫെഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി 15പേരും ഈ സംഘത്തിലുള്ള. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കഠ്മണ്ഡുവില്‍നിന്ന് മനോകംന ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് മിന്നല്‍പ്രളയമുണ്ടായത്. കെട്ടിടങ്ങളും മരങ്ങളും കുത്തിയൊലിച്ചുേപാകുന്നത് സംഘം കണ്‍മുന്നില്‍കണ്ടു.
മുന്നോട്ടുള്ള റോഡും കാഠ്മണ്ഡുവിലേക്കുളള റോഡും മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതിനാല്‍ സംഘം കുടുങ്ങി. മണിക്കൂറുകളോളം സുരക്ഷിത സ്ഥലത്ത് തുടര്‍ന്ന സംഘം പിന്നീട് ഒരു കാട്ടുപാതയിലൂടെ കാഠ്മണ്ഡുവിലേക്ക് തിരിച്ചു. കഠ്മണ്ഡുവില്‍ എത്തിയശേഷം നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം.