യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ മകൻ ബാരൻ ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ ഔദ്യോഗിക മാധ്യമം പ്രൊപ്പഗാണ്ട വിഡിയോ പുറത്തിറക്കിയതായി സ്ഥിരീകരിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ്. 'ബാരന്‍ ട്രംപിനെ എവിടെവച്ച് കൊല്ലണം' എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ തുടങ്ങുന്നത്. 3 മിനിറ്റോളമാണ് വി‍ഡിയോയുടെ ദൈര്‍ഘ്യം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിഷയം ഗൗരവമായി കാണുന്നതായും സംശയാസ്പദമായ ഭീഷണികളെക്കുറിച്ച് യു.എസ് സീക്രട്ട് സർവീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ബാരൻ ട്രംപിന്റെ ദിനംപ്രതിയുള്ള നീക്കങ്ങൾ തങ്ങൾ പൂർണ്ണമായും നിരീക്ഷിച്ചുവരികയാണെന്നാണ് വിഡിയോയിൽ ഇറാൻ മാധ്യമം അവകാശപ്പെടുന്നത്. ബാരന്റെ യൂണിവേഴ്സിറ്റി ക്യാമ്പസ്, വസതി, സഞ്ചരിക്കുന്ന സുരക്ഷാ വാഹനങ്ങൾ, സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയെല്ലാം ഗ്രാഫിക്സിന്റെ സഹായത്തോടെ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ഇറാനിലെ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഭരണകൂടവുമായി ചേർന്നുപ്രവർത്തിക്കുന്ന ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി  കഴിഞ്ഞ വാരാന്ത്യത്തിലാണ് ഈ വിഡിയോ പുറത്തുവിട്ടത്. വിഡിയോയുടെ അവസാന ഭാഗത്ത് തങ്ങൾ പ്രഖ്യാപിച്ച 10 മില്യൻ ഡോളറിന്റെ സമ്മാനത്തുക കൈപ്പറ്റാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നു പശ്ചാത്തലത്തിൽ ഒരാൾ പറയുന്നതായും കാണാം.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്തിന് ശേഷം ട്രംപിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ നിരന്തരമായി  വധഭീഷണി വിഡിയോകൾ പുറത്തുവിടുന്നുണ്ട്.

ENGLISH SUMMARY:

Barron Trump threat video is a serious concern for US security. The US Secret Service has launched an investigation into propaganda videos released by Iran that target Donald Trump's youngest son, Barron Trump, with assassination threats.