Image: X, AFP

  • ഇരുട്ടത്ത് പറന്നിറങ്ങി ഇന്ത്യന്‍ നാവികനെ ‘തൂക്കി’ ബ്രിട്ടിഷ് കമാന്‍ഡോകള്‍. ആഗോളതലത്തില്‍ ചര്‍ച്ച, യൂറോപ്പിൽ ഒരു കപ്പൽ ക്യാപ്റ്റനെതിരെ നേരിട്ട് ഉപരോധ ലംഘനത്തിന് ക്രിമിനൽ കേസെടുക്കുന്നത് ഇതാദ്യം

ഇംഗ്ലിഷ് ചാനലില്‍വച്ച് ബ്രിട്ടിഷ് കമാന്‍ഡോകള്‍ പിടികൂടിയ ഇന്ത്യന്‍ നാവികന്റെ ഭാര്യ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയതോടെ ‘റഷ്യന്‍ ഷാഡോ ഫ്ലീറ്റ്’ വിവാദം മറ്റൊരു തലത്തിലേക്ക് മാറുന്നു. ബ്രിട്ടിഷ് കമാന്‍ഡോകള്‍ തന്റെ ഭര്‍ത്താവിനെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ നാവികന്‍ ക്യാപ്റ്റൻ അജയ് പന്തിന്റെ (38) ഭാര്യ റിതു പന്ത് രംഗത്തെത്തിയത്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ സ്വദേശിയായ അജയ് പന്ത് ഇപ്പോള്‍ യുകെയുടെ കസ്റ്റഡിയിലാണുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: ഇനി വിജയ്​ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു

ഉപരോധം ലംഘിച്ചതായി ആരോപിച്ചാണ് എണ്ണക്കപ്പലും ജീവനക്കാരെയും ബ്രിട്ടിഷ് കമാൻഡോകൾ പിടികൂടിയത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന രഹസ്യ കപ്പൽ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലെന്നാണ് ആരോപണം.റഷ്യയിലെ ഉസ്ത്-ലൂഗ തുറമുഖത്തുനിന്ന് ജൂൺ 5-ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് പുറപ്പെട്ടതായിരുന്നു 'എംവി സ്മിർട്ടോസ്' എന്ന എണ്ണ ടാങ്കർ. ജൂണ്‍ 14നാണ് ബ്രിട്ടിഷ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി കപ്പല്‍ വളഞ്ഞ് നാവികനെ കൊണ്ടുപോയത്. 98,000 ടൺ എണ്ണയാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചെങ്കിലും ക്യാപ്റ്റൻ പന്തിനെതിരെ മാത്രമാണ് യുകെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘തന്റെ ഭര്‍ത്താവ് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു എന്ന് ഭാര്യ ഋതു പറഞ്ഞു. കപ്പൽ ഉടമകളുടെ നിർദ്ദേശപ്രകാരം ചരക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ചുമതല മാത്രമാണ് ക്യാപ്റ്റൻ നിർവ്വഹിച്ചതെന്നും, വാണിജ്യപരമായ കരാറുകളിൽ അദ്ദേഹത്തിന് പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കിയത്.

റഷ്യക്കെതിരായ ഉപരോധം മറികടക്കാന്‍ സഹായിച്ചുവെന്നതാണ് പ്രധാന ആരോപണം. ഡിസംബര്‍ 15നാണ് കേസില്‍ വിചാരണ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കേസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ജയിലിലുള്ള ക്യാപ്റ്റൻ പന്തുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ഫോണിൽ സംസാരിക്കുകയും അദ്ദേഹത്തിന് വൈദ്യസഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വിഷയം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെയും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

 

യൂറോപ്പിൽ ഒരു കപ്പൽ ക്യാപ്റ്റനെതിരെ നേരിട്ട് ഉപരോധ ലംഘനത്തിന് ക്രിമിനൽ കേസെടുക്കുന്നത് ഇതാദ്യമായതിനാൽ തന്നെ ആഗോള തലത്തില്‍ തന്നെ ഈ കേസിലെ വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാകും. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ തങ്ങള്‍ ബലിയാടാകുമോ എന്ന ഭീതി ഈ മേഖലയില്‍ ജോലി ചെയ്യുന്ന നാവികര്‍ക്കുണ്ട്.  കപ്പലിൽ കൊണ്ടുപോകുന്ന ചരക്ക് ഉപരോധ പട്ടികയിൽ ഉള്ളതാണോ എന്ന് സാധാരണ നാവികർക്ക് എപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. ലോകത്താകമാനമുള്ള നാവികരിൽ 3,20,000ത്തിലധികം പേർ ഇന്ത്യക്കാരായതിനാൽ തന്നെ ആശങ്ക വര്‍ധിക്കുകയാണ്. 

British Commandos Arrest Indian Ship Captain in English Channel Over Alleged Russian Sanctions Violation:

British commando forces intercepted the oil tanker 'MV Smirtos' in the English Channel and detained its Indian captain, Ajay Pant, for alleged sanctions violations related to Russia's "shadow fleet." While all 24 other crew members were repatriated to their home countries, Captain Pant remains in UK custody and faces up to 10 years in prison if convicted. His wife, Ritu Pant, strongly defended him, stating that he was simply following the shipowners' operational instructions to deliver cargo safely and was made a scapegoat in international political conflicts. The Indian High Commission in London is actively monitoring the case, ensuring legal and medical support while Indian seafarers express growing concerns over similar risks worldwide.