ലോകം മുഴുവൻ ഇറാന്റെ വിജയം അംഗീകരിച്ച സാഹചര്യത്തിൽ അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാൻ. യു.എസിന് മേൽ ഇറാൻ ആധികാരിക മേൽക്കൈനേടിക്കഴിഞ്ഞതായും രാജ്യത്തിന്റെ കരുത്തും ആത്മാഭിമാനവും ലോകത്തിന് മുന്നിൽ തെളിയിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ടെഹ്‌റാനിൽ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റിന്റെ പ്രതികരണം.
ഇറാനിലെ സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച അമേരിക്കയെ ലോകം വെറുപ്പോടെയാണ് കണ്ടതെന്നും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ തുറന്നുകാട്ടപ്പെട്ട സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ അനുകൂല അന്തരീക്ഷമാണെന്നും പെസഷ്ക്യാൻ പറഞ്ഞു. അതിനിടെ, സൗദി അറേബ്യയിലെ അരാംകോ പ്ലാന്റിനും നജ്റാൻ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.
എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനോ വിവരം സ്ഥിരീകരിക്കാനോ സൗദി അധികൃതർ തയാറായിട്ടില്ല. ഹൂതികളെ നേരിടാൻ സൗദിക്ക് ശേഷിയില്ലെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ. മേഖലയിൽ സംഘർഷം കടുക്കുന്നത് രാജ്യാന്തര വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എണ്ണ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, പ്രതിദിന അസംസ്കൃത എണ്ണ ഉൽപാദന ക്വോട്ട 80 ലക്ഷം മുതൽ ഒരു കോടി ബാരൽ വരെയായി ഉയർത്താൻ ഒപെക് അനുമതി തേടി ഇറാഖ് സൗദിയിലേക്ക് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചു. നിലവിലെ 40 ലക്ഷം ബാരൽ ക്വോട്ട അപര്യാപ്തമാണെന്നും അടുത്ത ആറ് വർഷത്തിനുള്ളിൽ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും വ്യക്തമാക്കി ഇറാഖ് എണ്ണ, ധനകാര്യ മന്ത്രിമാരാണ് ചർച്ചകൾക്കായി സൗദിയിലെത്തിയത്.