ഹാരി രാജകുമാരനും ഭാര്യ മേഗനും രണ്ടു മക്കൾക്കൊപ്പം ബ്രിട്ടനിലേയ്ക്ക് മടങ്ങിയെത്തുന്നു. ഈ മാസം അവസാനത്തോടെ ഇരുവരും അമേരിക്കയില്‍ നിന്ന് താമസം മാറും. 2020ലാണ് രാജകുടുംബത്തിലെ ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച് ഇരുവരും അമേരിക്കയിലേക്ക് കൂടുമാറിയത്.
ബ്രിട്ടീഷ് രാജകുടുംബത്തെയാകെ പിടിച്ചുകുലുക്കി, യുഎസിലേക്കു ചേക്കേറാനുള്ള തീരുമാനമെടുത്ത് ആറു വർഷങ്ങൾക്കിപ്പുറം, ഹാരി രാജകുമാരനും ഭാര്യ മേഗനും ബ്രിട്ടനിലേക്കു മടങ്ങിയെത്തുന്നു. മക്കളായ ആർച്ചി രാജകുമാരനെയും ലിലിബെറ്റ് രാജകുമാരിയെയും ബ്രിട്ടനിലെ സ്കൂളിൽ ചേർത്തു. ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലായിരിക്കും താമസം. രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിവരാൻ പദ്ധതിയില്ല. ബ്രിട്ടനിലേയ്ക്ക് മടങ്ങിവരുന്ന കാര്യം പിതാവ് ചാള്‍സ് രണ്ടാമന്‍ രാജാവിനെയും സഹോദരന്‍ വില്യം രാജകുമാരനെയും അറിയിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നെന്നും മാനസികാരോഗ്യം തകര്‍ക്കുന്നുവെന്നും ആരോപിച്ചാണ് ഹാരിയും മേഗനും ബ്രിട്ടന്‍ വിട്ടത്. 2021ൽ ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തില്‍ ഇരുവരും രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ ലോകത്തിനു മുന്നിൽ പരസ്യമാക്കി. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയും പിന്നീട് 2023ൽ പുറത്തിറങ്ങിയ ഹാരിയുടെ 'സ്പെയർ' എന്ന ആത്മകഥയും രാജകുടുംബവുമായുള്ള അകൽച്ച രൂക്ഷമാക്കിയിരുന്നു.