AI Generated Image

അമേരിക്കയിലെ കെന്റക്കിയിൽ മുത്തശ്ശിയുടെ അശ്രദ്ധ മൂലം പത്തുമാസം പ്രായമുള്ള കുഞ്ഞ് കാറിൽ ശ്വാസംമുട്ടി മരിച്ചു. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞാണ് കാറിനുള്ളിലെ കടുത്ത ചൂട് മൂലം ദാരുണമായി മരണപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയും ഡോക്ടറുമായ സ്റ്റേസി ഫസെൻബേക്കറിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ആഗസ്റ്റ് 13-നാണ് സംഭവം. അന്ന് രാവിലെ ഡേ-കെയറിൽ എത്തിക്കാമെന്ന് പറഞ്ഞാണ് മുത്തശ്ശി കുഞ്ഞിനെ ഏറ്റെടുത്തത്. എന്നാൽ, കുഞ്ഞിനെ ഡേ-കെയറിൽ ആക്കുന്നതിന് പകരം മുത്തശ്ശി താൻ ജോലി ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കാർ ഓടിച്ചുപോവുകയും കുഞ്ഞിനെ കാറിനുള്ളിൽ തന്നെ മറന്നുപോകുകയുമായിരുന്നു.

വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ പിതാവ് ഡേ-കെയറിലെത്തിയപ്പോഴാണ് കുഞ്ഞ് അവിടെ ഇല്ല എന്നറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുത്തശ്ശിയുടെ കാറിൽ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജീവൻ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സംഭവം നടക്കുന്ന ദിവസം കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് ഏകദേശം 35 ഡിഗ്രി സെല്‍സ്യസ് ആയിരുന്നു താപനില. അതേസമയം അടച്ചിട്ട കാറിനുള്ളിലെ താപനില 46 ഡിഗ്രി സെല്‍സ്യസ്  വരെ ഉയർന്നതായാണ് റിപ്പോർട്ട്. അമിതമായ ചൂടും അടച്ചിട്ട കാറില്‍ ഏറെ നേരം ഇരുന്നപ്പോഴുണ്ടായിരുന്ന ശ്വാസംമുട്ടുമാണ് കുഞ്ഞിന്റെ മരണകാരണം എന്നായിരുന്നു നിഗമനം.

സംഭവം നടക്കുമ്പോൾ മുത്തശ്ശി ജോലിയിലായിരുന്നു. പൊലീസും അധികൃതരും കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മുത്തശ്ശിയുടെ മകളായ സിഡ്നി ക്രോവെല്ലിന്റെ രണ്ടാമത്തെ കുഞ്ഞാണ് മരണപ്പെട്ട സ്കോട്ടി. സംഭവത്തിൽ അനാസ്ഥയുണ്ടായോ എന്ന് പരിശോധിക്കുന്ന പോലീസ്, വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് കടന്നേക്കും.

ENGLISH SUMMARY:

Baby dies in hot car Kentucky due to grandmother's lapse. A ten-month-old infant tragically passed away from heatstroke while left unattended in a vehicle in Kentucky, leading to a police investigation into the grandmother.