Image Credit : Twitter
യാത്രാക്കാരുളള ഒരു മെട്രോയുടെ അകം നിറയെ ഇഴഞ്ഞുനീങ്ങുന്ന പാമ്പുകള്‍. ആരെയും ഭയപ്പെടുത്തുന്ന ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പാമ്പുകളെ ഓരോന്നിനെയും വാരി ഒരു ബക്കറ്റിലേക്ക് മാറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയേയും യുവാവിനെയും വിഡിയോയില്‍ കാണാം. യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ഈ പാമ്പുകള്‍ മെട്രോയ്ക്ക് അകത്ത് എങ്ങനെ വന്നു എന്നുമാണ് സോഷ്യല്‍ ലോകത്തിന്‍റെ ചോദ്യം.
ഷാങ്ഹായിലെ മെട്രോ ട്രെയിനിൽ കഴിഞ്ഞ വര്‍ഷം നടന്ന രസകരമായ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സൈബറിടത്ത് വൈറലായി മാറിയത്. എന്നാല്‍ വിഡിയോയില്‍ കാണുന്നതല്ല യാഥാര്‍ഥ്യം എന്നുമാത്രം. പാമ്പുകളെ പോലെ ഇഴഞ്ഞുനീങ്ങുന്ന ഈ ജീവികള്‍ യഥാര്‍ഥത്തില്‍ ഈലുകളാണ്. റൈസ്ഫീൽഡ് ഈലുകൾ എന്നറിയപ്പെടുന്ന മല്‍സ്യവിഭാഗത്തില്‍പ്പെടുന്ന ഇവയെ ബക്കറ്റിലാക്കി കൊണ്ടുപോകും വഴി അവ പുറത്തുചാടുകയായിരുന്നു എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷാങ്ഹായ് മെട്രോ ലൈൻ 10ൽ നടന്ന ഈ വിചിത്ര സംഭവം മെട്രോയ്ക്കകത്ത് പാമ്പുകള്‍ എന്ന പേരിലാണ് ഇപ്പോള്‍ സൈബറിടത്ത് പ്രചരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഡിയോയില്‍ കാണുന്ന സ്ത്രീയാണ് ജീവനുളള ഈ റൈസ്ഫീൽഡ് ഈലുകളുമായി മെട്രോയില്‍ യാത്ര ചെയ്തത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഇവ ജീവനോടെ പുറത്തുചാടുകയായിരുന്നു. വഴുവഴുപ്പുളള ശരീരമായതിനാല്‍ ഇവയെ പെട്ടെന്ന് പിടിച്ച് തിരികെ ബക്കറ്റിലാക്കുക എളുപ്പമുളള കാര്യമായിരുന്നില്ല. അതിനാല്‍ ഏറെ പണിപെട്ടാണ് അവര്‍ കൂടെയുളള യുവാവിന്‍റെ സഹായത്തോടെ ഈലുകളെ തിരികെ ബക്കറ്റിലാക്കിയത്. കാണുമ്പോള്‍ രസകരമായ സംഭവമായി തോന്നുമെങ്കിലും കടുത്ത നിയമലംഘനമാണ് യുവതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഷാങ്ഹായിലെ 2025 മാർച്ച് 1-ന് നിലവിൽ വന്ന പാസഞ്ചർ കോഡ് പ്രകാരം ജീവനുള്ള കോഴികളെയും പൂച്ച, നായ തുടങ്ങിയ ചില ജീവികളെയും മെട്രോയിൽ കയറ്റുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതോ സർവീസിന്റെ സുരക്ഷയെ ബാധിക്കുന്നതോ ആയ വസ്തുക്കൾ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് യുവതി ജീവനുളള ഈലുകളുമായി മെട്രോയില്‍ യാത്ര തിരിച്ചത്.