• ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സഈദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചതായി പാക് മതപുരോഹിതന്റെ വെളിപ്പെടുത്തൽ.

ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സഈദ് കാശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് മതപുരോഹിതന്‍. ബഹാവൽനഗറിൽ നടന്ന ഒരു പൊതുയോഗത്തിൽ അല്ലാമ നസീർ മദ്നിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ലഷ്കറെ തയിബയുമായി ബന്ധമുള്ള സംഘടനയായ പാകിസ്ഥാൻ മർകാസി മുസ്‌ലീം ലീഗ് (പിഎംഎംഎൽ) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് പരാമർശം. ഇതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘കേൾക്കൂ, ഹാഫിസ് സഈദ് വലിയത്യാഗങ്ങളാണ് സഹിച്ചത്, ഇന്നയാൾ ജയിലിലാണ്. കശ്മീരിനുവേണ്ടിയും മാതൃരാജ്യത്തിനും വേണ്ടി 10,000 യുവാക്കളെയാണ് അയാള്‍ അണിനിരത്തിയത്’– നസീർ മദ്നി പറഞ്ഞു. കമോന്‍ഡാകള്‍ എന്നാണ് ഇവരെ മദ്നി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ഹാഫിസ് സഈദ് ജയിലിലായപ്പോള്‍ അവരെന്തിനാണ് മൗനം പാലിച്ചത്? എന്ന തരത്തിലുള്ള പ്രകോപനകരമായ പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ട്.

അടുത്തിടെ ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മദ്നി, സുഖം പ്രാപിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് ഹാഫിസ് സഈദിനെക്കുറിച്ച് ഇത്തരത്തില്‍ പരാമർശം നടത്തിയത്. ഇന്ത്യയെ ആക്രമിക്കുന്നതിനായി തങ്ങള്‍ ഭീകരവാദികളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്ന് വർഷങ്ങളായി ഹാഫിസ് സഈദും ലഷ്കറെ തയിബയും അവകാശപ്പെടുന്നുണ്ട്. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ലഷ്കറെ തയിബയ്ക്കും ഹാഫിസ് സയീദിനുമുള്ള പങ്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദങ്ങളെ അടിവരയിടുന്നതാണ് മദ്നിയുടെ വാക്കുകൾ.

2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണക്കേസില്‍ ഹാഫിസ് സയീദിന്റെ പങ്ക് പുറത്തുവന്നിരുന്നു. ഈ കേസില്‍ ജമ്മു കോടതി ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ‌കൂടാതെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെയും സൂത്രധാരന്‍ ഹാഫിസ് സയീദ് ആയിരുന്നു. 77കാരനായ ഇയാളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുകയാണ്. എന്നാല്‍ ഹാഫിസ് മുഹമ്മദിനെ തടവിലാക്കിയിരിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം. 

മുംബൈ ഭീകരാക്രമണക്കേസിൽ ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള ആറ് പാക്കിസ്ഥാൻ പ്രതികൾക്കെതിരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്നതിനുള്ള നിയമനടപടികൾ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട് ഇതിനിടയിലാണ് നസീർ മദ്നിയുടെ വെളിപ്പെടുത്തല്‍. 2005-ൽ ഐക്യരാഷ്ട്രസഭ ലഷ്കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും, 2008-ൽ അമേരിക്ക ഇയാളെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

A Pakistani religious cleric, Allama Naseer Madni, has publicly claimed that Lashkar-e-Taiba founder Hafiz Saeed mobilized ten thousand operatives for Jammu and Kashmir. The statement was made during a political rally organized by the Pakistan Markazi Muslim League in Bahawalnagar. Indian authorities have long maintained that Saeed and his network orchestrate cross-border militancy and orchestrate attacks like the 2008 Mumbai atrocities. Meanwhile, Indian courts have issued non-bailable warrants against Saeed, while New Delhi continuously demands his extradition.