AI Generated Image
സമൂഹ മാധ്യമത്തിലൂടെ പ്രണയം, വിഡിയോ കോളിലൂടെ വിവാഹം. ഒടുവിൽ നേരിൽകണ്ടപ്പോൾ ഭാര്യക്കെതിരെ വിവാഹമോചന ഹർജി നൽകി മുൻ പാകിസ്ഥാൻ മന്ത്രി. എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ചാണ് മുൻ മന്ത്രി കോടതിയെ സമീപിച്ചത്.
സിന്ധ് പ്രവിശ്യാ മുൻമന്ത്രിയായ ഗുലാം റസൂൽ ഉന്നാറാണ് ഭാര്യ റസിയ അർബാബിനെതിരെ കറാച്ചി സെഷൻസ് കോടതിയിൽ പരാതി നൽകിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് റസിയയെ ഗുലാം പരിചയപ്പെടുന്നത്. പിന്നാലെ എ.ഐ. നിർമിത ചിത്രം നൽകി റസിയ വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ചിത്രങ്ങൾ വിശ്വസിച്ച റസൂൽ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വിഡിയോ കോളിലൂടെ വിവാഹിതരായി. ചടങ്ങുകൾക്കുശേഷം ഭാര്യയെ നേരിൽക്കണ്ടപ്പോഴാണ് ഗുലാം തട്ടിപ്പ് മനസിലാക്കുന്നത്.
നേരിൽക്കണ്ട യുവതിയുടെ മുഖവും മുൻപ് അയച്ചുനൽകിയ ഫോട്ടോയും തമ്മിൽ യാതൊരു സാമ്യവുമില്ലായിരുന്നു. തുടർന്ന് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് (പി.ഇ.സി.എ.) പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
യുവതി നിരന്തരം ശല്യം ചെയ്യുകയാണെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. മരണപ്പെട്ടെന്ന രീതിയിലുള്ള വ്യാജവാർത്തകളും ഫോട്ടോകളും ഇവർ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിക്കുന്നുവെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ സ്വകാര്യ വിഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.