ജോലിയൊക്കെ കഴിഞ്ഞ് വന്ന് ചൂടുവെള്ളത്തില്‍ ഒരു കുളി കുളിക്കുന്നത് ഒരു സുഖമാണ്. മിക്കവാറും ആളുകള്‍ അത് ആസ്വദിച്ചേക്കാം. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിച്ചതിന് 1.30 ലക്ഷം പിഴയടക്കേണ്ട അവസ്ഥയിലാണ് ഓസ്ട്രേലിയയില്‍ ഒരിന്ത്യന്‍ യുവതി. @sorandomvamika എന്ന അക്കൗണ്ടിലൂടെ യുവതി തന്നെയാണ് തനിക്ക് ഫൈന്‍ വന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. 1800 ഓസ്ട്രേലിയന്‍ ഡോളറാണ് പിഴയൊടുക്കേണ്ട തുക. ഇത് ഇന്ത്യന്‍ തുകയിലാകുമ്പോഴാണ് 1.30 ലക്ഷം രൂപയാകുന്നത്.
തന്‍റെ അപാര്‍ട്ട്മെന്‍റില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി. ഇതിനിടെ പൊടുന്നനെ ഫയര്‍ അലാറം അടിച്ചു. ഉടന്‍ തന്നെ യുവതി അപായം മണത്ത് പുറത്തിറങ്ങി. എന്നാല്‍ അപാര്‍ട്ട്മെന്‍റിലെ മാനേജര്‍ യുവതിയുടെ മുറിയുടെ മുന്നിലേക്ക് ഇതിനോടകം എത്തിയിരുന്നു. തന്നെ രക്ഷപ്പെടുത്താനാണ് മാനേജര്‍ എത്തിയതെന്ന് കരുതിയ യുവതിക്ക് തെറ്റി. തീയില്ലെന്ന് കണ്ട മാനേജര്‍ കുപിതനായി.
എന്നാല്‍ താന്‍ ചൂടുവെള്ളത്തില്‍ ഷവര്‍ ചെയ്യുകയായിരുന്നെന്നും കുളിച്ചാല്‍ ഫയര്‍ അലാറം അടിക്കുമോ എന്നും യുവതി ചോദ്യമുന്നയിച്ചു. എക്സോസ്റ്റ് ഫാന്‍ ഇട്ടിരുന്നെന്നും യുവതി വ്യക്തമാക്കി.
എന്നാല്‍ യുവതിയുടെ തെറ്റുകൊണ്ടാണ് അലാറം അടിച്ചതെന്നായി വിമര്‍ശനം. ഇതോടെ എങ്ങനെയാണ് അലാറം അടിച്ചതെന്ന് സംശയമായി. കുളിമുറിയില്‍ അലാറമടിക്കാനുള്ള സെന്‍സര്‍ എന്തിനാണ് വച്ചതെന്നും യുവതി ചോദ്യമുയര്‍ത്തി.
ഓസ്ട്രേലിയയില്‍ ഇത്തരം അലാറം അടിച്ചാല്‍ അഗ്നിശമനസേന ഉടന്‍ ഓടിയെത്തുന്ന സംവിധാനമുണ്ട്. ഇതുകൊണ്ടാണ് ഇത്രയും പിഴ വരുന്നത്.