ഉറക്കത്തിലായിരുന്ന ധ്രുവക്കരടിയെ ഉണർത്തിയതിന് ബോട്ട് ഓപ്പറേറ്റർക്ക് പിഴ. കേൾക്കുമ്പോൾ ഒരു തമാശയായി തോന്നാമെങ്കിലും നോർവേയിലെ സ്വാൽബാർഡ് ദ്വീപില്‍ നടന്ന സംഭവമാണിത്. തീരത്തോട് ചേര്‍ന്ന് കരയിൽ സുഖമായി ഉറങ്ങിക്കിടക്കുകയായിരുന്നു ധ്രുവക്കരടി. എന്നാൽ, ആ സമയം അതിലൂടെ കടന്നുപ്പോയ ഒരു ബോട്ട് വിസിൽ മുഴക്കിയതിനാണ് ബോട്ട് ഓപ്പറേറ്റർക്ക് നോർവേ ഭരണകൂടം 5,255 ഡോളർ ഭീമമായ പിഴ ചുമത്തിയിരിക്കുന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കരടി എഴുന്നേൽക്കുന്നത് കാണാനായിരുന്നു ഓപ്പറേറ്റർ ഇത്തരത്തിൽ വിസിൽ മുഴക്കിയത് എന്നാണ് റിപ്പോർട്ടുകൾ. വിസിലടി കേട്ട് ഞെട്ടിയുണർന്ന കരടി ഭയന്ന് മറ്റൊരിടത്തേക്ക് ഓടിപ്പോവുകയും ചെയ്തു. നോർവീജിയൻ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇതൊരു ഗുരുതര കുറ്റകൃത്യമാണ്. വന്യജീവികൾക്ക് അവയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നോർവേ നേരത്തെ തന്നെ തടഞ്ഞിട്ടുണ്ട്.
1972 മുതൽ സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ധ്രുവക്കരടികളെ അനാവശ്യമായി ശല്യപ്പെടുത്തുന്നതും, ആകർഷിക്കാൻ ശ്രമിക്കുന്നതും, പിന്നാലെ പോകുന്നതും നോർവീജിയൻ നിയമത്തിന് വിരുദ്ധമാണ്. അതുപ്രകാരം, കുറ്റം സമ്മതിച്ച വ്യക്തിയിൽ നിന്നും പിഴ ഇടക്കിയെന്നും വാർത്തകൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ വിനോദത്തിനായി ശല്യം ചെയ്യുന്ന സഞ്ചാരികൾക്കും ഗൈഡുകൾക്കും വലിയൊരു മുന്നറിയിപ്പ് കൂടിയാണ് ഈ നിയമനടപടി.