കേംബ്രിഡ്ജ് സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രൊഫസറെന്ന അപൂർവ നേട്ടം കൈവരിച്ച സാമൂഹികശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ ജേസൺ ആർഡെ. എന്നാൽ, 41കാരനായ ഇദ്ദേഹത്തെ ലണ്ടനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അക്കാദമിക് ഗവേഷണ പ്രബന്ധങ്ങളിലെ ക്രമക്കേടുകളും കോപ്പിയടി ആരോപണങ്ങളും ഉയർന്നതിനെ തുടർന്ന് പ്രൊഫസർ സ്ഥാനത്തുനിന്ന് രാജിവച്ച് വെറും എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജേസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിനുള്ളിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി.

ഓട്ടിസം ബാധിച്ചതിനെ തുടർന്ന് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്ന ജേസൺ ആർഡെ 18-ാം വയസ്സിലാണ് അക്ഷരങ്ങൾ വായിക്കാൻ തുടങ്ങിയത്. പിന്നീട് കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഉയർന്നുവന്ന ജേസൺ 37-ാം വയസ്സിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസറായി നിയമിതനായി. ഇതോടെ രാജ്യാന്തര മാധ്യമങ്ങളിലടക്കം ഇടം നേടിയ അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി.

എന്നാൽ, അദ്ദേഹത്തിന്‍റെ ഡോക്ടറൽ തീസിസിലെ ചില ഭാഗങ്ങൾ മറ്റുള്ളവരുടെ രചനകളിൽനിന്ന് പകർത്തിയതാണെന്ന് ചില അക്കാദമിക് വിദഗ്ധരും മാധ്യമങ്ങളും ആരോപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വൈവിധ്യം, സമത്വം, ഐക്യം എന്നിവയിലൂന്നിയായിരുന്നു അദ്ദേഹത്തിന്‍റെ പഠനങ്ങൾ. ഇതിന്‍റെ പേരിൽ അദ്ദേഹം അന്യായമായി നേട്ടമുണ്ടാക്കിയെന്ന വാദവുമായി ബ്രിട്ടീഷ് വലതുപക്ഷ മാധ്യമങ്ങളും നിരൂപകരും അദ്ദേഹത്തിനെതിരെ രംഗത്തെത്തി.

ആരോപണങ്ങളെ തുടർന്ന് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 5ന് പ്രൊഫസർ സ്ഥാനവും ഫെലോ സ്ഥാനവും രാജിവയ്ക്കുന്നതായി ആർഡെ പ്രഖ്യാപിച്ചു. ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം രാജിയാണെന്നും, എന്നാൽ ആ തീരുമാനം തനിക്കെതിരായ ആരോപണങ്ങൾ സമ്മതിക്കുന്നതായി കണക്കാക്കരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, രാജിക്ക് പിന്നാലെ തനിക്കെതിരെ നടന്ന കടുത്ത വ്യക്തിഹത്യാ ശ്രമങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Professor Jason Arday, the youngest Black professor at Cambridge University and a renowned social scientist, was found dead in his London home. His death follows his resignation from his professorial position eight days prior, amidst allegations of academic misconduct and plagiarism.