ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും നോര്‍വേ താരം എര്‍ലിങ് ഹാളണ്ട് സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണ്. ഹാളണ്ടിനെ ചുറ്റിപ്പറ്റിയും അനുകരിച്ചും നിരവധി റീലുകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഹാളണ്ടിന്‍റെ പ്രശസ്തി സോഷ്യല്‍ മീഡിയ മാത്രമല്ല അങ്ങ് അധോലോകവും ഏറ്റെടുത്തെന്ന് വ്യക്തമാക്കുന്നതാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നിന്ന് വരുന്ന വാര്‍ത്ത. 1000 പൗണ്ട് (454 കിലോ) ഹാളണ്ടിന്‍റെ ചിത്രമുള്ള കൊക്കെയ്നാണ് ഇക്വഡോറില്‍ നിന്ന് പിടികൂടിയത്. 

പിക്കപ്പ് വാഹനത്തിന്‍റെ ബെഡിനടിയില്‍ ഒളിപ്പിച്ച രീതിയിലാണ് കൊക്കെയ‍്ന്‍ പിടികൂടിയത്. പച്ച നിറത്തിലുള്ള 370 പാക്കറ്റുകളിലായാണ് കൊക്കെയ്ന്‍ ഒളിപ്പിച്ചുവച്ചിരുന്നത്. കൊളംബിയന്‍ അതിര്‍ത്തിയില്‍ നിന്നായിരുന്നു ഈ ലഹരിവേട്ട. രാജ്യാന്തര വിപണിയില്‍ ഏകദേശം 11 മില്യണ്‍ (104 കോടി രൂപ) വിലവരുന്നതാണ് പിടികൂടിയ കൊക്കെയ്ന്‍. ഹാളണ്ടിന് പുറമെ ലോകകപ്പിന്‍റെയും ഫുട്ബോളിന്‍റെയും ചിത്രം പാക്കേജുകളിലുണ്ട്. 

തങ്ങളുടെ ഗ്യാങിനെ സൂചിപ്പിക്കാന്‍ ലഹരിസംഘങ്ങള്‍ തങ്ങളുടെ പാക്കേജുകളില്‍ കായികതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങള്‍ പതിക്കുന്നത് തെക്കേ അമേരിക്കയില്‍ പതിവാണ്. മുന്‍പ് പെറുവില്‍ നിന്നും മെസിയുടെ ചിത്രം പതിച്ച 1400 കിലോ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. സമാനമായ സാഹചര്യത്തില്‍ മറഡോണയുടെ ചിത്രം പതിച്ച കൊക്കെയ്ന്‍ തുര്‍ക്കിയില്‍ നിന്നും പിടികൂടിയിരുന്നു.

ENGLISH SUMMARY:

Erling Haaland's popularity extends beyond social media, as Ecuadorian authorities recently discovered cocaine packages bearing his image. This incident highlights a trend of drug cartels using images of sports stars and celebrities to brand their illegal products.