യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുമായ കാരലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ പകരമാരെന്ന ചര്‍ച്ച സജീവം. ലീവിറ്റിന്റെ ഗ്ലാമറും വാക്ചാതുരിയും ചേരുന്ന ഒരാള്‍ പകരമെത്തുമോയെന്നതാണ് ചര്‍ച്ചകള്‍. ഇരുപത്തിയെട്ടുകാരിയായ ലീവിറ്റ് സ്ഥാനമൊഴിയുന്ന വിവരം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പുറത്തുവിട്ടത്. മേയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ലീവിറ്റ് കുട്ടികളുമായി സമയം ചെലവഴിക്കാനാണ് പദവിയൊഴിയുന്നതെന്നാണ് വിശദീകരണം. ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' പരിപാടികളുടെ ഉപദേശകയായി തുടരും.
ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി
വൈറ്റ് ഹൗസിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയാണ് ഇരുപത്തിയെട്ടുകാരിയായ കാരലിൻ ലീവിറ്റ്. 2024ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ട്രംപിന്റെ മനസറിഞ്ഞ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മികവുകാട്ടി. വൈറ്റ് ഹൗസിലെ തന്റെ പദവി ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും സാഹസികത നിറഞ്ഞതുമായിരുന്നെന്ന് ലെവിറ്റ് വിശേഷിപ്പിച്ചു.
(FILES) US President Donald Trump speaks to reporters alongside White House Press Secretary Karoline Leavitt before departing from the South Lawn of the White House in Washington, DC, on March 11, 2026. Trump announced on August 12, 2026 in a Truth Social post that Leavitt would be leaving her position at the White House. (Photo by Brendan SMIALOWSKI / AFP)
വിവാദങ്ങള്‍ കടന്ന് ദൗത്യം
പരമ്പരാഗത മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ഡിജിറ്റൽ മാധ്യമങ്ങൾ ഉള്‍പ്പെടെ പുതിയകാലത്തിന്റെ മാധ്യമങ്ങള്‍ക്കായി പ്രത്യേക ഇരിപ്പിടമൊരുക്കിയത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. മാറുന്ന മാധ്യമലോകത്തെ അംഗീകരിക്കുന്ന നടപടിയാണിതെന്ന് ചിലർ പ്രശംസിച്ചു. എന്നാല്‍ തങ്ങൾക്ക് അനുകൂലമായി വാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് പ്രതിഫലം നൽകാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. ട്രംപിന്റെ സമാധാന നൊബേല്‍ മോഹത്തെ പിന്താങ്ങിരുന്ന ലീവിറ്റിനെ ട്രംപ് ഒരിക്കല്‍ പുകഴ്ത്തിയത് പുലിവാലായി. ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രശംസ കാടുകയറി പ്രസ് സെക്രട്ടറിയുടെ അഴകിന്റെ വിവരണമായതോടെയാണ് ട്രംപ് വിമര്‍ശനം നേരിട്ടത്.
പകരമാര്?
പുതിയ പ്രസ് സെക്രട്ടറിയുടെ നിയമനം ട്രംപിന് പ്രയാസകരവും വെല്ലുവിളി നിറഞ്ഞതാകുമെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനപ്പുറം ട്രംപിന്റെ ശൈലിയില്‍ മാധ്യമപ്രവര്‍ത്തകരെ നേരിടുന്നതില്‍ ലീവിറ്റ് മിടുക്കുകാട്ടിയിരുന്നു. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' ക്യാംപെയ്ന്റെ ശക്തമായ വക്താവുമായിരുന്നു. ഈ വിധം മികവുള്ളയാളെ കണ്ടെത്തുക പ്രയാസമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.