കൊളംബിയയില്‍ ഞായറാഴ്ചയുണ്ടായ അതിതീവ്ര ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചതാണ്. ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തിയ ദുരന്തത്തില്‍ 250ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പടിഞ്ഞാറന്‍ കൊളംബിയയില്‍ ആയിരങ്ങള്‍ നിരാലംബരായി. ഭൂകമ്പമുണ്ടായി നാലുദിവസമായിട്ടും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
വേദനയും ഭീതിയും നിറഞ്ഞ വാര്‍ത്തകള്‍ക്കിടയിലും ജീവനുകള്‍ തേടുന്ന രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ലോകം പ്രതീക്ഷയോെട ഉറ്റനോക്കുകയാണ്. മകന്റെ പിറന്നാളാഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് കാല്‍ഡസ് പ്രവിശ്യയിലെ ഡാനിയേല എന്ന മുപ്പത്തിരണ്ടുകാരി ദുരന്തത്തില്‍പ്പെടുന്നത്. ഫര്‍ണിച്ചര്‍ ഷോപ്പിലെ ജീവനക്കാരിയായ ഡാനിയേല താമസിച്ചിരുന്ന നാലുനിലകളുള്ള ലോഡ്ജ് ഭൂചലനത്തില്‍ നിലംപൊത്തി.
ഭൂകമ്പ വാര്‍ത്തയ്ക്ക് പിന്നാലെ ഡാനിയേല മകന്റെ പിറന്നാളാഘോഷത്തിന് എത്താതായതോടെ മാതാപിതാക്കള്‍ തേടിയിറങ്ങി. ഡാനിയേലയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളുമായി നടത്തിയ അന്വേഷണത്തില്‍ ലോഡ്ജിനുസമീപം കണ്ടതായി ചിലര്‍ അറിയിച്ചു. തുടര്‍ന്ന് ഡാനിയേലയുടെ പിതാവ് ഹൂലിയ സെസാര്‍ ലാര്‍ഗോയുെട അഭ്യര്‍ഥനപ്രകാരം നടന്ന തിരച്ചിലിലാണ് 38 മണിക്കൂറിനുശേഷം ഡാനിയേലയെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവനോടെ കണ്ടെത്തുന്നത്.
വിദ്ഗധരായ രക്ഷാപ്രവര്‍ത്തകരുടെ 10 മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് ഡാനിയേലയെ വീണ്ടും ജീവതത്തിലേക്ക് എത്തിച്ചത്. മകളുടേത് പുനര്‍ജന്മമെന്നും ഡാനിയേലയുടെ തിരിച്ചുവരവ് കൊച്ചുമകന് പിറന്നാള്‍ സമ്മാനവുമാണെന്നും പിതാവ് ഹൂലിയ സെസാര്‍ ലാര്‍ഗോ പറഞ്ഞു. ഈ മാസം 10നുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ ഇതുവരെ 265പേരാണ് മരിച്ചത്. 3500ലെറെ പേര്‍ക്ക് പരുക്കേറ്റു. അഞ്ഞൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.