തായ്‌ലൻഡിൽ 14 വയസുകാരൻ നടത്തിയ വെടിവെപ്പിൽ മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാങ്കോക്കിന് സമീപമുള്ള നൊന്താബുരി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം.

വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണത്തിന് തുടക്കമായത്. മുൻ സൈനിക ഉദ്യോഗസ്ഥനായ മുത്തച്ഛന്‍റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ആദ്യം 70 വയസ്സുള്ള മുത്തച്ഛനെയും 68 വയസ്സുള്ള മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് സമീപത്തെ സ്കൂളിലെത്തിയ പ്രതി ക്ലാസുകൾ നടക്കുന്നതിനിടെ മൂന്നാം നിലയിൽ കയറി അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്ന ഭാഗങ്ങളിലേക്ക് വെടിയുതിർക്കുകയായിരുന്നു.

അപ്രതീക്ഷിതമായ വെടിയൊച്ച കേട്ട് വിദ്യാർഥികളും ജീവനക്കാരും ജീവൻ രക്ഷിക്കാൻ ചിതറിയോടി. കുട്ടികൾ ക്ലാസ് മുറികളിലെ ബെഞ്ചുകൾക്കിടയിലും മേശകൾക്കടിയിലും ഒളിച്ചിരിക്കേണ്ടിവന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് നേരെ 26-ലധികം റൗണ്ട് വെടിയുതിർത്തെന്നാണ് വിവരം.

ആക്രമണത്തിൽ സ്കൂളിലെ അഞ്ച് പേർ കൊല്ലപ്പെടുകയും 23 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ വളഞ്ഞ പൊലീസ് പ്രതിയെ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, ഒടുവിൽ കുട്ടി സ്വയം വെടിവെച്ച് മരിച്ചതായാണ് റിപ്പോർട്ട്. 2022-ൽ പിഞ്ചുകുട്ടികളടക്കം 36 പേർ കൊല്ലപ്പെട്ട ട്ടവെടിവെപ്പിന് ശേഷം തായ്‌ലൻഡിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ സ്കൂൾ വെടിവെപ്പ് സംഭവമാണിത്.

അതേസമയം, പഠനസമ്മർദവും കടുത്ത വിഷാദവും കുട്ടിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നാണ് തായ്‌ലൻഡ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും പ്രാഥമികമായി പ്രതികരിച്ചത്. സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Thailand school shooting incident involved a 14-year-old boy who tragically killed seven people, including his grandparents, before opening fire at a school. This devastating event highlights the growing concerns about youth violence and mental health challenges in Thailand.