തനിക്ക് എച്ച്‌ഐവി ബാധയുള്ളത് മറച്ചുവച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുള്‍പ്പെടെ ഒട്ടേറെപ്പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഫ്ലോറിഡ സ്വദേശി തിമോത്തി കേനായ്ഫീല്‍ഡ് (42) ആണ് അറസ്റ്റിലായത്. ഡേറ്റിങ് ആപ്പിലൂടെയായിരുന്നു ഇയാള്‍ ലൈംഗികബന്ധത്തിനായി ആളുകളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തില്‍ പരിചയപ്പെട്ട 14കാരനെ സ്വന്തം വീട്ടിലെത്തിച്ച് ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് തവണ ഇത് ആവര്‍ത്തിച്ചെന്നും പൊലീസ് പറയുന്നു. പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ അറസ്റ്റിന് പിന്നാലെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. പാസ്റ്റര്‍ തന്നോടും സമാനരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് തനിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചെന്നും ആരോപിച്ച് 26കാരനായ യുവാവ് രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് പാസ്റ്ററെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഇയാള്‍ക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 14കാരന് രോഗബാധ തടയുന്നതിനുള്ള ചികിത്സ നല്‍കിവരികയാണ്. കുട്ടിയെയും 26കാരനെയും കൂടാതെ മറ്റ് മൂന്ന് യുവാക്കളുമായും ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലുമധികം പേരെ ഇയാള്‍ ഇരയാക്കിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രായപൂര്‍ത്തിയാകാത്തയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടല്‍, പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍, ലഹരിവസ്തുക്കള്‍ കൈവശംവെച്ചത്, എച്ച്‌ഐവി ബാധ മറച്ചുവച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.