തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കുമറുമോട്ടോ പ്രവിശ്യയിലെ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഷോപ്പിങ് മാളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരില്‍ പണം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കയറിയ രണ്ട് ജാപ്പനീസ് ജീവനക്കാരും. കഷിമ പട്ടണത്തിലെ തകർന്ന ഇയോൺ മാളിലാണ് വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനമുണ്ടായത്. മരിച്ച ജീവനക്കാരിലൊരാൾ 22 കാരിയായ കുരുമി ഒടാക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, രണ്ടാമത്തെ ജീവനക്കാരന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മേലുദ്യോഗസ്ഥൻ പണം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഷോപ്പിങ് മാളിലേക്ക് തിരിച്ചുകയറിയത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍, ഉടൻ തന്നെ ഉപഭോക്താക്കളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം ഈ രണ്ട് ജീവനക്കാരും പുറത്തുള്ള പാർക്കിങ് സ്ഥലത്തേക്ക് സുരക്ഷിതരായി മാറിനില്‍ക്കുകയായിരുന്നു. എന്നാൽ സ്റ്റോറിലെ പണം എടുത്തുമാറ്റി സേഫിൽ സൂക്ഷിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഇവർ തിരിച്ച് കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് 5:35 ഓടെയാണ് ഇവർ വീണ്ടും അകത്തേക്ക് പോയത്. പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന മാൾ ജീവനക്കാരൻ സൂക്ഷിക്കണം എന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നാലെ മാളില്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നു.

പണം എടുത്തുകൊണ്ടുവരാൻ ജീവനക്കാരോട് ആവശ്യപ്പെട്ട 'ഹാബിറ്റ' ജനറൽ സ്റ്റോറിലെ സെയിൽസ് ഡയറക്ടർ ഗോജി യൂസ് സംഭവത്തിൽ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. രണ്ടാം നിലയിലെ സ്റ്റോറിൽ നിന്നും അന്ന് ലഭിച്ച തുക ഒന്നാം നിലയിലെ സേഫിലേക്ക് മാറ്റാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ താൻ സ്റ്റോർ മാനേജർക്ക് നിർദ്ദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. കെട്ടിടത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിന് മുൻപ് മാൾ അധികാരികളുടെ അനുമതി വാങ്ങണമെന്നും താൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ കൊല്ലപ്പെട്ട ജീവനക്കാരിലൊരാളായ 22 കാരി കുരുമി ഒടാകെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹാബിറ്റ പ്രസിഡന്റ് കെയ്മ ഉയെനോയോട് കുടുംബം വൈകാരികമായാണ് പ്രതികരിച്ചത്. സംഭവത്തില്‍ കമ്പനിയോട് ഒരിക്കലും പൊറുക്കില്ലെന്നും കുടുംബാംഗങ്ങൾ ഹാബിറ്റ പ്രസിഡന്റിനോട് പറഞ്ഞു. അതേസമയം താൻ പണത്തെ കുറിച്ച് ചിന്തിച്ചില്ലായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആ സമയത്ത് നൽകിയ നിർദ്ദേശങ്ങൾ തികച്ചും അനുചിതമായിരുന്നു, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ, അതൊന്നും ഒരു ജീവന്റെ വിലയോളം വരുന്നതല്ല’– അദ്ദേഹം പറഞ്ഞു. ജൂലൈ 28-ന് ജപ്പാനിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ  38 പേരാണ് മരിച്ചത്. ഇതിൽ ഏഴ് പേർ മരിച്ചത് ഇയോൺ മാളിലുള്ളവരാണ്.

ENGLISH SUMMARY:

Two Japanese employees who re-entered a quake-damaged shopping mall in southwest Japan to retrieve safe cash lost their lives in a subsequent gas-leak explosion. Following a powerful 6.8 magnitude earthquake, Kurumi Odake and a colleague had initially evacuated safely before being instructed by management to go back inside. Although a staff member near the entrance warned them of potential hazards, the tragic blast occurred shortly after their re-entry. Company executives have since publicly apologized and expressed deep remorse, admitting that corporate assets were never worth human lives.