ഏറെ ചര്‍ച്ചയ്ക്ക് വഴിതുറക്കുന്ന സംഭവമാണ് ദയാവധം. ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം (Passive Euthanasia) കർശനമായ ഉപാധികളോടെ നിയമപരമാണ്. അതായത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ മാത്രം ജീവിക്കുന്ന ഒരാള്‍ക്ക് വെന്‍റിലേറ്റര്‍ വേര്‍പ്പെടുത്തി സ്വാഭാവിക മരണത്തിന്  അവസരമേകാം. എന്നാല്‍ മനഃപൂര്‍വം ദയാവധം സ്വീകരിക്കാനാവില്ല. എന്നാല്‍ മനഃപൂര്‍വം ദയാവധം സ്വീകരിക്കാന്‍ പോകുന്ന ഒരു യൂട്യൂബറുടെ വാര്‍ത്തയാണ് യുഎസില്‍ നിന്ന് പുറത്തുവരുന്നത്. 

യുഎസ് മാസച്യൂസറ്റ്സ് സ്വദേശിയാണ് മാക്സ് ഗില്ലാര്‍ഡി എന്ന 38കാരന്‍ യുട്യൂബറാണ് താന്‍ ദയാവധം സ്വീകരിക്കുന്നതിനേക്കുറിച്ചുള്ള വിഡിയോ തന്‍റെ ചാനലിലൂടെ തന്നെ പങ്കുവച്ചത്. 

ഏതാനും വർഷങ്ങളായി താന്‍ രക്തസംബന്ധമായ ഗുരുതര രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മാക്സ് പറഞ്ഞു. നിലവല്‍ ദയാവധം നിയമവിധേയമായ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഇതിനായി മാക്സ് താമസം മാറുകയും ചെയ്തു.

ചുവന്ന രക്താണുക്കള്‍ അമിതമായി വര്‍ധിക്കുന്ന ഫൈബ്രോമയാള്‍ജിയ എന്ന രോഗത്തിന് ഇരയാണ് മാക്സ്. ഇത് കൂടാതെ കണ്ടെത്താന്‍ പറ്റാത്ത അനവധി രോഗങ്ങളും മാക്സിനുണ്ട്. ശരീരമാസകലം തീവ്രമായ വേദനയാണെന്നും, ഉറങ്ങാനാകുന്നില്ലെന്നും, വായില്‍ നിന്നും അറിയാതെ ഉമിനീര്‍ ഒഴുകുന്നുണ്ടെന്നും, സംസാരിക്കാനടക്കം ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും മാക്സ് വികാരാധീനനായി വ്യക്തമാക്കി. 

ചികില്‍സ ചിലവും വര്‍ധിച്ചുവരികയാണെന്നും ജീവിച്ചിരിക്കുന്നത് ചിലവേറിയ പ്രവര്‍ത്തിയാണെന്നും മാക്സ് പറയുന്നു. കയ്യിലെ പണവും ഏറെക്കുറെ തീരാറായി. 

തന്‍റെ ജീവിതത്തിലെ സ്വാഭാവിക അന്ത്യമായി തന്‍റെ ദയാവധത്തെ കാണുന്നെന്നും ഈ വര്‍ഷം തന്നെ താന്‍ മരിക്കുമെന്നും മാക്സ് വ്യക്തമാക്കി.

മൈ ലിറ്റിൽ പോണി എന്ന ആനിമേറ്റഡ് ടിവി സീരീസിന്റെ അഡൾട്ട് പാരഡിയാണ് സൈബർ ലോകത്ത് മാക്സിനെ ശ്രദ്ധേയനാക്കിയത്. മാധ്യമ വിശകലന പരമ്പരയായ ‘ബ്രെയിൻ ഡംപ്’ നടത്തുന്ന മാക്സ് യൂട്യൂബർ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്. hotdiggedydemon എന്നാണ് മാക്സിന്റെ യൂട്യൂബ് ചാനൽ അറിയപ്പെടുന്നത്.

ENGLISH SUMMARY:

Euthanasia is a widely discussed topic, and passive euthanasia is legally permitted in India under strict conditions. This involves allowing natural death by removing life support, rather than actively ending a life.