മൊറോക്കൊയില്‍ നിന്നും സ്പെയിനിലെ സെറ്റയിലേക്കുണ്ടായ അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ആരോപണം. സമൂഹ മാധ്യമങ്ങളില്‍ തുടങ്ങിയ ആരോപണം ഇരു രാജ്യങ്ങളിലെയും ഉന്നതനേതാക്കളും ഏറ്റുപിടിച്ചു. പലസ്തീന് പിന്തുണ നല്‍കുന്നതിനാല്‍ സ്പെയിനിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്രയേല്‍ നടത്തിയ പദ്ധതിയാണ് കുടിയേറ്റമെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് യു.എന്നിലെ ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനനും സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാര്‍ പുവെന്റെയും എക്സില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.
സന്ദേശം കേട്ട് ഇറങ്ങിയവര്‍ കുടുങ്ങി; സെറ്റയിലേക്ക് ഒഴുകിയെത്തിയത് 49000 പേര്‍; കാരണമെന്ത്
ആഫ്രിക്കയില്‍ കോളനി തുടരുന്ന സ്പെയിനിന്‍റെ ഇരട്ടത്താപ്പിനെയാണ് ഇസ്രയേല്‍ അംബാസിഡര്‍ വിമര്‍ശിച്ചത്. ഇസ്രയേലിനെ വിമര്‍ശിക്കാന്‍ ഒരവസരവും നഷ്ടപ്പെടുത്താത്ത സ്പെയിന്‍, സെറ്റയിലെ കുടിയേറ്റ പ്രശ്നം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ആഫ്രിക്കയില്‍ ഇപ്പോഴും കോളനികള്‍ തുടരുന്നതെന്ന് ലോകത്തോട് വിളിച്ചു പറയൂ എന്നാണ് ഡാനന്‍ എക്സില്‍ എഴുതിയത്.
മൊറോക്കോയിൽ നിന്ന് സ്യൂട്ടയിലേക്ക് കുടിയേറിയവരെ തിരികെ അയക്കാനായി അതിർത്തിയിലേക്ക് കൊണ്ടുപോകുന്നു. (REUTERS/Jon Nazca)
മെഡിറ്ററേനിയന്‍ തീരത്ത് മൊറോക്കോയുമായി കര അതിര്‍ത്തി പങ്കിടുന്ന സ്പാനിഷ് സ്വയം ഭരണ പ്രദേശങ്ങളായ സെറ്റ, മെലില എന്നിവയെ പരാമര്‍ശിച്ചാണ് ഡാനന്‍റെ വിമര്‍ശനം. 'ശരി.. ഇപ്പോഴെല്ലാം മനസിലായി' എന്നാണ് ഇതിന് ഓസ്കാര്‍ പുവെന്‍റെ മറുപടി നല്‍കിയത്. ഇസ്രയേലിന്‍റെ പങ്ക് എടുത്തു പറഞ്ഞ് വിമര്‍ശിച്ചില്ലെങ്കിലും മേഖലയില്‍ ഇസ്രയേലിന്‍റെ ഇടപെടലുണ്ടായി എന്നാണ് ഓസ്കാര്‍ പുവെന്‍റെയുടെ മറുപടി വ്യാഖ്യാനിക്കുന്നത്.
ഗാസയ്ക്കു വേണ്ടി സംസാരിച്ചതിന് ഇസ്രയേല്‍ സ്പാനിഷ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സ്പാനിഷ് രാഷ്ട്രീയ നിരീക്ഷകനായ കാര്‍ലോനിയ അലോന്‍സോ പറഞ്ഞു. സ്പെനിയിനെ ഷെന്‍ഗന്‍ വിസയില്‍ നിന്നും ഒഴിവാക്കണമെന്ന് ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മൊറോക്കോ വഴി ഇസ്രയേല്‍ പിന്തുണയോടെ യൂറോപ്പിലെ തീവ്ര വലതുപക്ഷം നടപ്പാക്കിയ പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് മൊറോക്കോയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ സ്പാനിഷ് സ്വയംഭരണ പ്രദേശമായ സെറ്റയിലേക്ക് എത്തിയത്. 24 മണിക്കൂറിനിടെ 49000 ലധികം പേരെത്തിയെന്നാണ് കണക്ക്. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാനാകാതെ സെറ്റയിലെ പ്രാദേശിക ഭരണകൂടം സ്പെയിനിന്‍റെ സഹായം തേടി. കര, നാവിക സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്പെയിനില്‍ നിന്നും കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചിരുന്നു.