wild-fire

TOPICS COVERED

യൂറോപ്പ് ആകെ പരിഭ്രാന്തിയിലാണ്. ഫ്രാന്‍സിലും സ്പെയിനിലും, ഇറ്റലിയിലുമെല്ലാം പതിനായിരങ്ങളാണ് വീടും നാടും ഉപേക്ഷിച്ച് പോകുന്നത്. കത്തിപടരുന്ന കാട്ടുതീയാണ് വന്‍പ്രതിസന്ധിക്ക് വഴിവെച്ചത്. ഫ്രാന്‍സില്‍ മാത്രം രണ്ടുലക്ഷത്തോളം പേര്‍ വീടും നാടും വിട്ട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറിക്കഴിഞ്ഞു. എഴുപതിനായിരവും കടന്നിരിക്കുന്നു സ്പെയിനില്‍ വീടുവിട്ടുപോകുന്നവരുടെ എണ്ണം. രാജ്യത്തിനകത്തു തന്നെ അഭയാര്‍ഥികളായി മാറുന്നവരെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സര്‍ക്കാരുകളും  യൂറോപ്യന്‍ യൂണിയനും. 

സമശീതോഷ്ണമല്ല ഒന്നും

ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം, തണുപ്പുകാലമൊഴിച്ചാല്‍ പൊതുവെ സമശീതോഷ്ണ കാലാവസ്ഥ – ഇതെല്ലാം ചേര്‍ന്ന് ഏറ്റവും  സുഖപ്രദമായ  ഭൂപ്രദേശമെന്ന പേരുനേടിയ ഇടമാണ് യൂറോപ്പ്. അവിടെയാണ് കാലാവസ്ഥാ മാറ്റം അഭയാര്‍ഥിളെ സൃഷ്ടിക്കുന്നത്. കാടും നാടും കത്തിയെരിയുമ്പോള്‍ കോടിക്കണക്കിന് യൂറോയുടെ നഷ്ടം വേറെ. നാളെയെന്തെന്നറിയാത്ത അനിശ്ചിതത്വത്തിന് മുന്നില്‍പകച്ചു നില്‍ക്കുകയാണ് ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങള്‍. 

കത്തിപോകുന്നത് സുന്ദര പ്രദേശങ്ങള്‍

മുന്തിരിതോട്ടങ്ങള്‍, ധാന്യം വിളയുന്ന പാടങ്ങള്‍, മനോഹരമായ ചെറുഗ്രാമങ്ങളും പട്ടണങ്ങളും ഇങ്ങനെയുള്ള ഫ്രാന്‍സിലെ തെക്കുപടിഞ്ഞാറന്‍പ്രദേശങ്ങളിലാണ് കാട്ടുതീ സംഹാരതാണ്ഡവമാടുന്നത്. 98000 ഹെക്ടര്‍കൃഷിഭൂമി മാത്രം കത്തി നശിച്ചതായാണ് പ്രാഥമികകണക്കുകള്‍ പറയുന്നത്. സ്പെയ്ന്‍, ഇറ്റലി, സ്ക്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലും കാട്ടുതീപടര്‍ന്നിട്ടുണ്ട്.  സ്പെയ്ന്‍ ദേശീയ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. 

കാലാവസ്ഥാ മാറ്റം തീയെ വിളിച്ചു വരുത്തുന്നു

അതി കഠിനമായ വേനലിനെ തുടര‍ന്നാണ് യൂറോപ്പിലാകെ കാട്ടുതീ സീസണും ആരംഭിച്ചത്. ലോകത്തു തന്നെ കാലാവസ്ഥാ മാറ്റം ഏറ്റവും പ്രകടമാകുന്നതും അതിന്‍റെആഘാതം കടുക്കുന്നതുമായ പ്രദേശമാണ് യൂറോപ്പ്. ഒാരോ പത്തു വര്‍ഷത്തിലും താപനില 0.5 ഡിഗ്രി സെല്‍സ്യസ് വീതം യൂറോപ്പില്‍ വര്‍ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് അപകടകരമാം വിധം ഉയര്‍ന്ന കണക്കാണ്. ജൂലൈ–ഒാഗസ്റ്റ് മാസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഇതും തീ ആളിപടരുന്നതിന് ഇടയാക്കിയിട്ടുണ്ട്. 

ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരം

പൊള്ളല്‍, ശ്വാസ തടസം, ഹൃദരോഗം തുടങ്ങി  കാട്ടുതീയും അനുബന്ധമായി വരുന്ന കനത്ത പുകയും സൃഷ്ടിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ഏറ്റവും ബാധിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരെയും കുഞ്ഞുങ്ങളെയും രോഗാവസ്ഥയിലുള്ളവരെയുമാണ്. ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചുകൊണ്ടു വരാന്‍ വേണ്ടി കോടി്ക്കണക്കിന് യൂറോയാണ് ഒാരോ രാജ്യത്തിനും ചെലവു വരുന്നത്. 

സങ്കീര്‍ണമാണ് പ്രശ്നങ്ങള്‍

കാലാവസ്ഥാ മാറ്റത്തിനൊപ്പമാണ് വന്‍തോതിലുള്ള നഗരവത്ക്കരണം, ടൂറിസം , നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ പരിസ്ഥിയിലുണ്ട്ക്കുന്നആഘാതം ഇവ ഒത്തു ചേരുമ്പോള്‍ കാട്ടു തീ പോലുള്ള തീവ്ര കാലാവസ്ഥാ –പ്രകൃതി പ്രതിഭാസങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും ഉയരും. കാടു കത്തുമ്പോള്‍ ജൈവവൈവിധ്യം കൂടി നഷ്ടമാകും. വീടുകളും കടകളും മറ്റു മനുഷ്യനിര്‍മിതികളും കത്തിപ്പോയാല്‍ അതുണ്ടാക്കുന്ന സാമ്പത്തിക–സാമൂഹിക ആഘാതം വലുതാണ്. ഇതു കൂടാതെ കാട്ടുതീ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ കൂട്ടമായി ഒഴിഞ്ഞു പോകുന്നുമുണ്ട്. ഇതോടെ പല ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാകുകയാണ്. തടി വ്യവസായം മുതല്‍ ടൂറിസം വരെയും ആരോഗ്യ രംഗം മുതല്‍ കുടിവെള്ള ലഭ്യതവരെയും വന്‍പ്രതി സന്ധി നേരിടുകയാണ്. 

പരിഹാരം അകലെ

കൃത്യമായ വന സംരക്ഷണവും മാനേജ്മെന്‍റുമാണ് കാട്ടു തീ തടയാന്‍ ഉള്ള മാര്‍ഗമെന്ന് ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനവാസ പ്രദേശങ്ങള്‍ക്കും കാടിനും ഇടയില്‍ ഫയര്‍ബ്രേക്കേഴ്സ് ഉണ്ടാക്കുന്നതും പ്രധാനമാണ്. ഇതിനെല്ലാം വേണ്ടി വരിക വന്‍ നിക്ഷേപവും മനുഷ്യധ്വാനവുമാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഇടത്തരം സാമ്പത്തിക നിലയിലുള്ളതും ദരിദ്രരാജ്യങ്ങളും കാലാവസ്ഥാ മാറ്റത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അത്രയും തീവ്രതയില്‍തന്നെ വികസിതലോകവും അനുഭവിക്കുകയാണെന്ന് യൂറോപ്പിലെ കാട്ടുതീ വ്യക്തമാക്കുന്നു. ശാശ്വത പരിഹാരമെന്തെന്ന ചോദ്യത്തിനുമാത്രം വ്യക്തമായ ഉത്തരവുമില്ല. 

ENGLISH SUMMARY:

Europe is in a state of panic due to widespread wildfires, displacing tens of thousands and creating a climate refugee crisis. This devastating situation highlights the severe impact of climate change on developed nations, leading to significant economic and social disruption.