ഏറെക്കാലമായി അമരത്വത്തിനായി പരീക്ഷണങ്ങളും ചികില്‍സാരീതികളും പരീക്ഷിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രശസ്തി നേടിയ വ്യക്തിയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ബ്രയന്‍ ജോണ്‍സണ്‍. തന്റെ ശരീരത്തിന്റെ പ്രായം കുറയ്ക്കാനും (Age Reversing) നിത്യയൗവനം നിലനിർത്താനുമായി കോടികളാണ് ഇയാള്‍ ചിലവഴിച്ചത്. എന്നാല്‍ ജൂലൈയിൽ തനിക്ക് ഭേദമാക്കാനാവാത്ത 'ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്' (Autoimmune Gastritis) എന്ന രോഗം സ്ഥിരീകരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം വയറ്റിലെ കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണിത്. ഇതോടെ ബ്രയന്‍റെ നിത്യയൗവന സ്വപ്നങ്ങള്‍ അവസാനിച്ചെന്ന് ലോകം വിധിയെഴുതി.
എന്നാല്‍ വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറാല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ബ്രയന്‍. ഇനി തന്ത്രം ക്ലോണിങ്ങാണെന്നും, രോഗത്തെ പ്രതിരോധിക്കാൻ താൻ തന്റെ ഒരു 'നവജാത ശിശു ക്ലോൺ' നിർമ്മിച്ചതായും അതിലൂടെ പുതിയ കോശങ്ങളും അവയവങ്ങളും മാറ്റിവെക്കുമെന്നുമുള്ള വിചിത്രമായ അവകാശവാദവുമായാണ് ബ്രയന്‍ വന്നത്. തന്‍റെ എക്സിലൂടെയാണ് ബ്രയന്‍ പുതു തന്ത്രം കുറിച്ചത്. ഒരു കുട്ടി മെഴുകുതിരി പിടിച്ച് നില്‍ക്കുന്ന ചിത്രവും ബ്രയന്‍ ഒപ്പം പങ്കുവച്ചു.
എന്നാല്‍ ബ്രയന്‍റെ അവകാശവാദം പൂര്‍ണമായും സത്യമല്ല എന്ന് എക്സിന്‍റെ എഐ ആയ ഗ്രോക്ക് തന്നെ വ്യക്തമാക്കി. ബ്രയന്‍ ഒരു ക്ലോണിനെ ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നും കോശങ്ങളാണ് ക്ലോണ്‍ ചെയ്യുന്നതെന്നും. മനുഷ്യന്‍റെ ക്ലോണിങ് നിയമവിരുദ്ധമാണെന്നും ഗ്രോക്ക് വ്യക്തമാക്കി. കൗതുകമെന്തെന്നാല്‍ ബ്രയന്‍ അവതരിപ്പിച്ച രീതി ശാസ്ത്രീയമായി അടിത്തറ ഉള്ളത് തന്നെയാണ്. ജനിതകമായി മാറ്റങ്ങളില്ലാത്ത ഇരട്ടകള്‍ പരസ്പരം അവയവങ്ങള്‍ കൈമാറാനുള്ള ശേഷിയുണ്ട്. പക്ഷെ ക്ലോണിങ് നിയമവിരുദ്ധമാണെന്നതാണ് ഇതിന് വിഘാതമാകുന്നത്.