• 30 പേരാണ് അടുത്തയിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം പാക് അധിനിവേശ കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയോട് പ്രദേശത്തെ കൂട്ടിച്ചേര്‍ക്കണമെന്ന വാദവും ഇടക്കാലത്ത് ഉയര്‍ന്നു

പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം പാക് അധീന കശ്മീരില്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ പ്രദേശത്തിന്‍റെ  ചുമതല താന്‍ ഏല്‍ക്കാമെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. മുസഫറബാദില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഈ മോഹം തുറന്ന് പറഞ്ഞത്. തനിക്കും തന്‍റെ കുടുംബത്തിനും പാക് അധീന കശ്മീര്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും പഞ്ചാബ് പോലെ തന്നെ തന്‍റെ വീടാണിതെന്നും തന്‍റെ പൂര്‍വികര്‍ കശ്മീരില്‍ നിന്ന് കുടിയേറി വന്നവരാണെന്നും നവാസ് ഷരീഫ് കൂട്ടിച്ചേര്‍ത്തു. 'എന്‍റെ പാര്‍ട്ടി ജയിച്ചാല്‍, പാക് അധീന കശ്മീരിന്‍റെ പ്രധാനമന്ത്രിയായി എന്നെ നിയമിക്കാമോ എന്ന് ഞാന്‍ ഷഹബാസ് ഷരീഫിനോട് ചോദിക്കും. ഈ പ്രദേശത്തിന്‍റെ വികസനത്തിനായും പുരോഗതിക്കായും എനിക്ക് ചിലത് ചെയ്യാന്‍ സാധിക്കും' എന്നും അദ്ദേഹം പറഞ്ഞു. 

വിലക്കയറ്റം, വൈദ്യുതി താരിഫ്, സമ്പന്നര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയില്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തോട് ഇടഞ്ഞ് നില്‍ക്കുകയാണ് പ്രദേശം. ജമ്മുകശ്മീര്‍ ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് തുടരുന്നത്. 21ന് ലോങ് മാര്‍ച്ച് ജെഎഎസി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാക് സര്‍ക്കാരിന് അവസാന അവസരം കൂടി നല്‍കാമെന്ന് പറഞ്ഞ് മാര്‍ച്ച് അവസാന നിമിഷം പിന്‍വലിച്ചിരുന്നു. 

30 പേരാണ് അടുത്തയിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയോട് പ്രദേശത്തെ കൂട്ടിച്ചേര്‍ക്കണമെന്ന വാദവും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളിലെ ജീവിതനിലവാരവും ജനജീവിതവും മെച്ചപ്പെട്ടതാണെന്നും പക്ഷേ പാക്കിസ്ഥാനി സര്‍ക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. സ്വയംഭരണാവകാശം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

പാക് അധീന കശ്മീരിലെ മനുഷ്യത്വ രഹിത ഇടപെടലുകളെ അപലപിച്ച ഇന്ത്യ കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ആവര്‍ത്തിച്ചു. ഇവിടേക്ക് നുഴഞ്ഞ് കയറാനുള്ള പാക് ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

Former Pakistan Prime Minister Nawaz Sharif expresses interest in becoming the Prime Minister of Pakistan-Occupied Kashmir (PoK) during a rally in Muzaffarabad. Amid intense anti-Pakistan protests, inflation, and public anger, Sharif highlights his ancestral roots in Kashmir. The region faces severe unrest led by the Jammu Kashmir Joint Awami Action Committee, with elections scheduled from July 27 to August 10. Meanwhile, India reiterates its steadfast stance that Jammu, Kashmir, and Ladakh are integral parts of the country while condemning human rights violations in PoK.