അമേരിക്കൻ സംസ്ഥാനമായ യൂട്ടയിലെ ഷോപ്പിങ് മാളിൽ മുസ്‌ലിം ആയതിന്റെ പേരിൽ ഇന്ത്യൻ യുവാവിന് കുത്തേറ്റു. സംഭവത്തിൽ 48 കാരനായ പീറ്റർ മൈക്കൽ ലാർസൻ എന്നയാൾ അറസ്റ്റിലായി. 15 തവണയോളം കുത്തേറ്റ മാളിലെ ജീവനക്കാരനായ സൊഹൈൽ എന്ന യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു മുസ്‌ലിം ആയതുകൊണ്ടാണ് താൻ മനഃപൂർവ്വം അയാളെ ലക്ഷ്യം വെച്ചതാണെന്നും മുസ്‌ലിംകളെ കൊല്ലാൻ താൻ ഉദ്ദേശിക്കുന്നുവെന്നും അറസ്റ്റിലായ ശേഷം പ്രതിയായ പീറ്റർ പ്രതികരിച്ചു. സാധനം വാങ്ങാനായി മാളിലെത്തിയ പീറ്റർ, ജീവനക്കാരനായ സൊഹൈലിനോട് പേരും മതവും ചോദിച്ച ശേഷമാണ് ആക്രമണം നടത്തിയത്. താൻ ഇന്ത്യക്കാരൻ ആണെന്നും മുസ്‌ലിം ആണെന്നും സൊഹൈൽ പറഞ്ഞതിന് പിന്നാലെ ആയിരുന്നു ആക്രമണം. 

വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, പീറ്റർ സൊഹൈലിനോട് എവിടെ നിന്നാണ് വരുന്നതെന്നാണ് ആദ്യം ചോദിച്ചത്.  'ഞാൻ ഇന്ത്യയിൽ നിന്നാണ്, എന്റെ പേര് സൊഹൈൽ എന്നാണ്,' എന്ന യുവാവ് ഉത്തരം പറഞ്ഞു. 'നീ മുസ്‌ലിമാണോ' എന്ന്, പീറ്റർ ചോദിച്ചു. അതെ എന്ന് സൊഹൈൽ പറഞ്ഞു.

പിന്നാലെ സൊഹൈലിനോട് പീറ്റർ ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. സൊഹൈൽ അത് എടുക്കാൻ തിരിഞ്ഞപ്പോൾ, പ്രതി ഒരു കത്തി പുറത്തെടുത്ത് യുവാവിനെ ആക്രമിക്കുക ആയിരുന്നു. ലാർസനെതിരെ കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അധികൃതർ കേസെടുത്തത്. 

ENGLISH SUMMARY:

Muslim hate crime occurred in a Utah shopping mall where an Indian youth was stabbed. This Islamophobia attack resulted in serious injuries to Sohail, who was targeted because of his religion.