തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,450 കടന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോളും തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്.
ഭൂകമ്പം നടന്ന് നിർണായകമായ 72 മണിക്കൂർ (Golden Hours) പിന്നിട്ടതിനാൽ ഇനി ആളുകളെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദര്‍ പറയുന്നു. അതേസമയം, ഞായറാഴ്ച കാരാക്കസിന് വടക്കുള്ള കാരബല്ലെഡ നഗരത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു മധ്യവയസ്കനെയും കൗമാരക്കാരനായ മകനെയും രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തിരുന്നു. കണ്ണീരിനിടയിലും പ്രതീക്ഷ നല്‍കുന്നതാണ് ഈ അവിശ്വസനീയ രക്ഷ.
വെനസ്വേലൻ നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 189 കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും 774 കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ കാരാക്കസിലും തീരദേശ നഗരമായ ലാ ഗ്വൈറയിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. നിലവിൽ 3,150-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
വെനസ്വേലയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 67 ലക്ഷത്തിലധികം ആളുകളെ ഈ ദുരന്തം ബാധിച്ചേക്കാം. ഇവർക്കെല്ലാം താമസം, കുടിവെള്ളം, ഭക്ഷണം, ശുചിത്വ സേവനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവ അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനസ്വേലയ്ക്ക് നിലവിലെ ദുരന്തം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 6.7 ബില്യൺ ഡോളറിന്റെ ഭൗതിക നാശനഷ്ടം വെനിസ്വേലയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്ക്. ഇത് രാജ്യത്തിന്റെ ആകെ ജിഡിപിയുടെ ആറ് ശതമാനത്തോളം വരും.
അതേസമയം, ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച ലാ ഗ്വൈറയില്‍ വ്യാപകമായ കവർച്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളും ഫാർമസികളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നതായാണ് റിപ്പോർട്ടുകൾ. അധികാരികളിൽ നിന്നുള്ള സഹായം വൈകുന്നതിലും കൃത്യമായി ലഭിക്കാത്തതിലും ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 24 രാജ്യങ്ങൾ ഇതിനകം തന്നെ വെനസ്വേലയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 521 ടൺ ദുരിതാശ്വാസ സാമഗ്രികളും, 2,700-ലധികം രക്ഷാപ്രവര്‍ത്തകരും വെനസ്വേലയിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യം കൂടുതൽ ഹെലികോപ്റ്ററുകളും 230 സൈനികരെയും നിയോഗിച്ചിട്ടുണ്ട്. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രക്ഷാപ്രവർത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും പ്രതീക്ഷ കൈവിടാതെ തിരച്ചിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.