ജയന്‍റ് കില്ലറെന്ന ഖ്യാതി നേടി നോക്കൗട്ടില്‍ കടന്ന കാബോ വെര്‍ദെയുടെ ചരിത്രത്തിളക്കത്തിന് കയ്പേറിയെ തിരിച്ചടിയായിരിക്കുകയാണ് ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡീസിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണം. മാര്‍ച്ചില്‍  ന്യൂസീലന്‍ഡില്‍ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീം പരിഭാഷകയായി പ്രവ‍ര്‍ത്തിച്ച ബ്രസീലിയന്‍ യുവതിയാണ് ടീം ക്യാപ്റ്റനെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്. 

ഓക്‌ലന്‍ഡിലെ ഹോട്ടലില്‍ തന്റെ മുറിയില്‍ റയാന്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ ന്യൂസീലന്‍ഡ് പൊലീസ് അന്വേഷണമാരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് 27 തന്‍റെ ഹോട്ടല്‍ മുറിയില്‍ ഒരു യോഗം നടക്കുന്നുണ്ടെന്ന് പറഞ്ഞ് റയാന്‍ ക്ഷണിച്ചിരുന്നതായി യുവതി പറയുന്നു. ചിലെ‌യ്‌ക്കെതിരായ മല്‍സരത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ പിന്നാടാണ് ഇതൊരു ഔദ്യോഗിക ടീം യോഗമല്ലെന്നും മറിച്ച് ഒരു സോഷ്യല്‍ ഗാദറിങ് പരിപാടിയാണെന്നും വ്യക്തമായത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 

എന്നാല്‍ തിരിച്ചുപോകുന്നതിനിടെ റയാന്‍ തന്നെ പിന്തുടര്‍ന്നെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നും യുവതി പറയുന്നു. വാതില്‍ തുറന്നയുടന്‍ അകത്ത് കയറിയ റയാന്‍ തനിക്ക് നേരെ ബലപ്രയോഗം നടത്തിയെന്നും കഴുത്ത് ഞെരിച്ചെന്നും ഇടിക്കുകയും കടിക്കുകയും പിന്നീട് ബലാല്‍സംഗം ചെയ്തെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. 

പിന്നീട് സംഭവത്തില്‍ കാബോ വെര്‍ദെ ഫുട്ബോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും യുവതി ആരോപണമുന്നയിക്കുന്നു. 

പരിശോധനയില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ശരീരത്തില്‍ ചതവുകളും കടിച്ചതിന്‍റെയും ഇടിച്ചതിന്‍റെയും പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കുകളുടെ ചിത്രങ്ങളുമിതില്‍ അടങ്ങിയിട്ടുണ്ട്. 

നോക്കൗട്ടില്‍ ചാംപ്യന്‍മാരായ അര്‍ജന്‍റീനയെ നേരിടാനിരിക്കെ ക്യാപ്റ്റനെതിരെ വന്ന ലൈംഗികാതിക്രമ ആരോപണം ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. 

ENGLISH SUMMARY:

Cape Verde captain sexual assault allegations have cast a shadow over their historic win. The team's captain, Ryan Mendes, faces a serious accusation from a Brazilian translator who claims he assaulted her in March during a FIFA series in New Zealand.