പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ വിമത നീക്കങ്ങൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ രാജി പ്രഖ്യാപിച്ചു. രണ്ടു വർഷം തികയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലേബർ പാർട്ടി നേതാവായ സ്റ്റാമറുടെ പടിയിറക്കം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന സെപ്റ്റംബർ വരെ അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരും.
കഴിഞ്ഞ കൗൺസിൽ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടർന്ന് സ്റ്റാമറുടെ നേതൃത്വത്തിനെതിരെ ഉയർന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ ശക്തി പ്രാപിക്കുകയായിരുന്നു. മുന്നൂറോളം എംപിമാർ രാജി ആവശ്യപ്പെട്ടതും വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാർ വിമതപക്ഷത്തേക്ക് മാറിയതും സ്റ്റാമർക്ക് കനത്ത തിരിച്ചടിയായി. സ്റ്റാമറുടെ പിൻഗാമിയായി വിമതപക്ഷം ഉയർത്തിക്കാട്ടുന്ന മാഞ്ചസ്റ്റർ മേയർ ആൻഡി ബേണം, ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതാണ് നേതൃമാറ്റത്തിനുള്ള സമ്മർദം ശക്തമാക്കിയത്. സ്റ്റാമർ രാജി വയ്ക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയായിരുന്നു ലോകം
എംപിയായി വെസ്റ്റ്മിനിസ്റ്ററിലെത്തുന്ന ആൻഡി ബേണമിന് പാർട്ടി നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ 20 ശതമാനം എംപിമാരുടെ പിന്തുണ ആവശ്യമാണ് നിലവിലെ ലേബർ എംപിമാരുടെ എണ്ണം വച്ചുനോക്കിയാൽ ഇതിനു വേണ്ടത് 80 പേരുടെ പിന്തുണയാണ്. ഇത് നേടാൻ ബേണമിന് ഒരു പ്രയാസവുമില്ല. തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ വളർച്ചയെ പ്രതിരോധിക്കാൻ സ്റ്റാമറുടെ നേതൃത്വത്തിന് കഴിയില്ലെന്ന വിലയിരുത്തലും അദ്ദേഹത്തിന്റെ ജനപ്രീതിയിലുണ്ടായ ഇടിവുമാണ് വിമതനീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ 411 സീറ്റുകൾ നേടി ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച നേതാവാണ് സ്റ്റാമർ.