ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെ, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നൽകിയ പ്രസ്താവനയിൽ ഇറാന് വേണ്ടിയുള്ള ഒരു വലിയ പുനർനിർമ്മാണ ഫണ്ടിന്റെ സൂചനയുണ്ടായിരുന്നു. കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിക്കുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട് അവർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വാന്‍സ് സിബിഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഈ റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് രംഗത്തെത്തി.
ആണവായുധങ്ങൾ ഒരിക്കലും നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇറാന് അമേരിക്ക 300 ദശലക്ഷം ഡോളർ നൽകുന്നുവെന്ന വാർത്ത വ്യാജമാണെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ കുറിച്ചത്. ഡെമോക്രാറ്റുകൾ പ്രചരിപ്പിക്കുന്ന കള്ളപ്രചാരണമാണിതെന്നും ട്രംപ് ആരോപിക്കുന്നുണ്ട്. നേരത്തെ 300 മില്യൺ ഡോളർ ഇറാന് അമേരിക്ക നല്‍കും എന്നായിരുന്നു റിപ്പോര്‍ട്ടെങ്കില്‍, ഇപ്പോൾ 300 ബില്യൺ ഡോളറിന്റെ ഫണ്ടിനെക്കുറിച്ചുള്ള ചർച്ചകളാണ് വാർത്തകളിൽ നിറയുന്നത്.
നേരത്തെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും ഇതേ സൂചന നല്‍കിയിരുന്നു. ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ഉപരോധങ്ങളിൽ ഇളവ് നൽകുക, പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ ഫണ്ട് രൂപീകരിക്കുക എന്നിവ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചർച്ചകളിൽ ഉൾപ്പെടുത്തിയേക്കുമെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ധാരണാപത്രം ഇവയുടെ സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയ്ക്കും എണ്ണ വിപണിക്കും ആശങ്കയായിരുന്ന 107ദിനം നീണ്ട യുദ്ധത്തിനാണ് ഒടുവില്‍ അന്ത്യമാകുന്നത്. ഇറാന്‍ ദേശീയ സുരക്ഷാസമിതിയുടെ 90 ശതമാനത്തിലധികം അംഗങ്ങളും കരാറിനെ അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അമേരിക്കയ്ക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ധാരണാപത്രത്തിൽ ഒപ്പിട്ടപ്പോൾ, ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് വരുന്ന വെള്ളിയാഴ്ച നടക്കും.
എന്നാല്‍ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമല്ല. ഒപ്പുവെച്ച രേഖ ഒന്നര പേജോളം മാത്രമേ ഉള്ളൂവെന്നും വിശദമായ കരാറിനേക്കാൾ ഉപരി ഒരു അടിസ്ഥാന ചട്ടക്കൂടാണിതെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണരൂപം പുറത്തുവിടുമെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ യുഎസും ഇറാനും ഒപ്പുവച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പ്രതികരണം.