Tu-22M3 (REUTERS/Marina Lystseva) & B-52 (Henry Nicholls / AFP) (File Images)
ഒരേ ദിവസം തന്നെ അമേരിക്കയുടെ ബി-52 ബോബംര്‍ വിമാനവും റഷ്യയുടെ ടു-22എം3 ബോംബർ വിമാനവും തകര്‍ന്നുവീണതാണ് അപ്രതീക്ഷിത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അമേരിക്കയുടെ വിമാനം തകര്‍ന്ന് എട്ടു പേരാണ് കൊല്ലപ്പെട്ടത്. അതേസമയം റഷ്യൻ ബോംബർ വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ദശകങ്ങളായി ഇരു രാജ്യങ്ങളുടെയും സൈനിക കരുത്തിന്‍റെ സുപ്രധാന ഭാഗമാണ് ഈ വിമാനങ്ങള്‍.
പരീക്ഷണ പറക്കലിനായി പറന്നുയരുന്നതിനിടെയാണ് യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീഴുകയും തീപിടിക്കുകയും ചെയ്തത്. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിലായിരുന്നു അപകടം. റഡാർ നവീകരണങ്ങളുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലായിരുന്നു. വിമാനത്തിലെ പഴയ റഡാർ സംവിധാനത്തിന് പകരം ആധുനികമായ 'ആക്റ്റീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ' (AESA) റഡാർ സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ദൗത്യം. വിമാന നിര്‍മ്മാതാക്കളായ ബോയിങിന്‍റെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. എട്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അതേസമയം, സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലനപ്പറക്കലിനിടെയാണ് റഷ്യയുടെ ടു-22എം3 ബോംബര്‍ വിമാനവും തകര്‍ന്നുവീണത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതമായി ഇജക്റ്റ് (Eject) ചെയ്ത് രക്ഷപ്പെടുകയായിരുന്നു. വിമാനത്തിൽ മറ്റ് ആയുധങ്ങള്‍ ഇല്ലാതിരുന്നതും വലിയ അപകടവും നാശനഷ്ടങ്ങളും ഒഴിവാക്കി.
ആകാശത്തിലെ രണ്ട് ഭീമന്മാർ
ഇരു രാജ്യങ്ങളുടെയും സൈന്യത്തിലെ പകരം വയ്ക്കാനില്ലാത്ത കരുത്തരാണ് അമേരിക്കയുടെ ബി-52, റഷ്യയുടെ ടു-22എം3 എന്നീ ബോംബർ വിമാനങ്ങൾ. പിന്നീട് നിരവധി പോര്‍ വിമാനങ്ങള്‍ വന്നെങ്കിലും ഇവയുടെ പേലോഡ് (Payload), റേഞ്ച്, ഫ്ലെക്സിബിലിറ്റി, ചെലവു കുറഞ്ഞ പ്രവർത്തനക്ഷമത എന്നിവയ്ക്ക് പകരം വയ്ക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ശീതയുദ്ധകാലം മുതല്‍ ഇന്നും രണ്ട് ലോകശക്തികളുടെ പ്രതിരോധ തന്ത്രങ്ങളിലെ നിർണ്ണായക കണ്ണികളായി ഇവ തുടരുന്നു.
ഏകദേശം 31,750 കിലോ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര സബ്സോണിക് വിമാനമാണ് ബി-52 സ്ട്രാറ്റോഫോർട്രസ്. ക്ലസ്റ്റർ ബോംബുകൾ മുതൽ ആണവ പോർമുനകൾ വഹിക്കുന്ന മിസൈലുകൾ വരെ വിന്യസിക്കാൻ ബി-52-ന് കഴിയും. 50,000 അടി വരെ ഉയരത്തിൽ പറക്കാനും ഇന്ധനം നിറയ്ക്കാതെ 8,000 മൈലിലധികം സഞ്ചരിക്കാനും ഇതിന് സാധിക്കും. നിലവില്‍ യുഎസ് വ്യോമസേനയുടെ ബി-52 എച്ച് (H) മോഡലുകൾ മാത്രമാണ് ഇപ്പോൾ സേവനത്തിലുള്ളത്. 1955 മുതല്‍ അമേരിക്ക ഇവ ഉപയോഗിക്കുന്നുണ്ട്. വിയറ്റ്നാം മുതൽ ഇറാന്‍ യുദ്ധത്തില്‍ വരെ യുഎസ് ഈ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
നാറ്റോ 'ബാക്ക്ഫയർ' എന്ന് കോഡ് നാമത്തില്‍ അറിയപ്പെടുന്ന സൂപ്പർസോണിക് ബോംബറാണ് റഷ്യയുടെ ടു-22എം3. സിറിയയിലും യുക്രെയിനിലും റഷ്യ ഇവയെ യുദ്ധങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. Kh-22 ക്രൂയിസ് മിസൈലുകൾ, ഹൈപ്പർസോണിക് കിൻസാൽ (Kinzhal) മിസൈലുകൾ എന്നിവ വിക്ഷേപിക്കാൻ ഇതിന് ശേഷിയുണ്ട്. 2018 ൽ പുറത്തിറങ്ങിയ ഏറ്റവും ആധുനികമായ എം3 (M3) വകഭേദത്തിന് കൂടുതല്‍ ഉയരങ്ങളില്‍ നിന്നും കൃത്യമായ ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താൻ സാധിക്കും.
ശീതയുദ്ധം അവസാനിച്ചതിന് ശേഷം, ബി-52, ടു-22എം3 എന്നിവ പുതിയതായി വികസിപ്പിക്കുന്നതിൽ അമേരിക്കയും റഷ്യയും വലിയ താല്പര്യം കാണിച്ചിട്ടില്ല. എന്നാൽ, നിലവിലെ വിമാനങ്ങൾക്ക് പകരമായി അമേരിക്ക ബി-21 (B-21) പ്രോഗ്രാമും, റഷ്യ പാക് ഡിപി (PAK DP) പ്രോഗ്രാമും വികസിപ്പിക്കുന്നുണ്ട്. എങ്കിലും, സാങ്കേതിക തടസ്സങ്ങളും കാലതാമസവും കാരണം ഈ പുതിയ തലമുറ വിമാനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.