Israel's Prime Minister Benjamin Netanyahu gives a news conference in Jerusalem (Photo by RONEN ZVULUN / POOL / AFP)

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ യുഎസും ഇറാനും ഒപ്പുവച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. കരാര്‍ ട്രംപിന്റെ തീരുമാനമാണമെന്നും ഇസ്രയേലിന് തങ്ങളുടേതായ താല്‍പര്യങ്ങളുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. യു.എസിനായി പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഇറാനുവേണ്ടി സ്പീക്കര്‍ മുഹമ്മദ് ബഗർ ഖാലിബാഫുമാണ് ധാരണാപത്രത്തില്‍ വെര്‍ച്വലായി ഒപ്പിട്ടത്. ഇതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.

താനും ട്രംപും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളവരല്ലെന്നാണ് വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞത്. മികച്ച കുടുംബങ്ങളിൽ പോലും ഇത്തരം വിയോജിപ്പുകൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രസിഡന്റ് ട്രംപും ഞാനും എപ്പോഴും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങളെ കാണുന്നത്. അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റാണ്, ഞാൻ ഇസ്രയേലിന്റെ പ്രധാനമന്ത്രിയും. ഇസ്രയേലിന്റെ സുരക്ഷാ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്, അത് വിവേകത്തോടെ തന്നെ ചെയ്യേണ്ടതുണ്ട്’— നെതന്യാഹു പറഞ്ഞു.

കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രയേലിന്റെ സുരക്ഷയെ അത് ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കരാറുണ്ടായാലും ഇല്ലെങ്കിലും ഇറാന് ആണവായുധം കൈവശം വെക്കാൻ സാധിക്കില്ല. ഞാൻ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം അത് അനുവദിക്കില്ല’– നെതന്യാഹു ഉറപ്പിച്ചു പറഞ്ഞു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രാജ്യം പ്രതിരോധിക്കാൻ എപ്പോഴും സജ്ജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ലെബനൻ, ഗാസ, സിറിയ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും നിലവിൽ യാതൊരു ഉദ്ദേശവുമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എത്ര നാൾ ആവശ്യമാണോ, അത്രയും കാലം സുരക്ഷാ മേഖലകളിൽ ഇസ്രയേൽ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽ അമേരിക്ക- ഇറാൻ കരാറിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാൻ നെതന്യാഹു വിസമ്മതിച്ചിരുന്നു. പകരം തങ്ങളുടെ ശത്രുക്കൾക്കുമെതിരെ ഇസ്രയേൽ കൈവരിച്ച വമ്പിച്ച വിജയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. നിലവിലെ കരാറിന്റെ യഥാർഥ രൂപത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണോ ഈ കരാർ രൂപപ്പെട്ടത് എന്ന ചോദ്യത്തിന്, ട്രംപുമായി തനിക്കുള്ള ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കൻ രാഷ്ട്രീയത്തെ ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമാണെന്നും താൻ അത് ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു.

അതേസമയം, ഇറാന്‍ ദേശീയസുരക്ഷാസമിതിയുടെ 90 ശതമാനത്തിലധികം അംഗങ്ങളും കരാറിനെ അംഗീകരിച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍കൂടി കരാറിന്റെ ഭാഗമാണെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനുള്ള ഉപരോധ ഇളവുകൾ അവരുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണരൂപം പുറത്തുവിടുമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി പൂർണമായി തുറന്നുകൊടുക്കുമെന്നും ട്രംപ് അറിയിച്ചു. യുഎസ് ഉപരോധം നീക്കിയതോടെ ഇറാന്‍ എണ്ണയുമായി കപ്പലുകളും കടലിടുക്ക് കടന്നു.

ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാൻസിലെ ഏവിയാനിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കരാറിനെ കുറിച്ചുള്ള ട്രംപിന്‍റെ സുപ്രധാന പ്രഖ്യാപനം. ഒടുവില്‍ പശ്ചിമേഷ്യയ്ക്കും എണ്ണ വിപണിക്കും ആശങ്കയായിരുന്ന 107ദിനം നീണ്ട യുദ്ധത്തിനാണ് പരിസമാപ്തിയാകുന്നത്.

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu has aggressively downplayed the historic West Asia peace accord signed virtually between the United States and Iran, firmly asserting that his country's military operations are far from over. Addressing a high-stakes press conference, Netanyahu emphasized that the strategic treaty reflects President Donald Trump's executive vision rather than Israel's core sovereign and existential interests. The Israeli premier noted that even between the closest international allies, major tactical disagreements regarding national defense objectives are completely natural and expected. Netanyahu vehemently declared that regardless of any external diplomatic pacts, he will never allow Tehran to successfully acquire or develop viable nuclear weapons capability during his leadership tenure. He further ruled out any immediate plans to withdraw the Israel Defense Forces from their active, strategic operational positions across southern Lebanon, Gaza, and Syria. Meanwhile, the groundbreaking bilateral treaty, co-signed by Donald Trump, JD Vance, and Iranian Speaker Mohammad Bagher Ghalibaf, has already effectively ended a grueling 107-day regional war, leading to the immediate reopening of the crucial Strait of Hormuz for international oil shipping.