Image Credit:1 Denise 2 AI Generated Image
സ്വന്തം മകന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത 16 വയസ്സുകാരനായ കൂട്ടുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസിൽ അമേരിക്കയിലെ ലൂസിയാനയിലുള്ള മുൻ മേയർക്ക് കോടതി തടവുശിക്ഷ വിധിച്ചു. ലൂസിയാനയിലെ ഡെറിഡർ നഗരത്തിലെ മുൻ മേയറായ മിസ്റ്റി റോബേർട്സിനെയാണ് (43) കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി വിധി. 90 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് പുറമേ 5000 ഡോളർ പിഴയും ഇവർക്ക് കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ സെക്സ് ഒഫൻഡർ ആയി രജിസ്റ്റർ ചെയ്യണമെന്നും പതിവായി ലഹരി പരിശോധനകൾക്ക് വിധേയയാകണമെന്നും കോടതി ഉത്തരവിട്ടു.
2024 ജൂലൈയിലാണ് മിസ്റ്റി റോബേർട്സിന്റെ വീട്ടിൽ വെച്ച് മകന്റെ ജന്മദിനാഘോഷങ്ങൾ നടന്നത്. മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചുള്ള പൂൾ പാർട്ടിക്ക് ഇടയിലാണ് മുന്‍ മേയർ മകന്റെ സുഹൃത്തായ 16-കാരനെ ഇവര്‍ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിക്ക് ആവശ്യമായ മദ്യം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും മകനും തമ്മിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മിസ്റ്റിയുടെ മുൻ ഭർത്താവും ഇവർക്കെതിരെ മൊഴി നല്‍കി. ഇവരുടെ രണ്ടുമക്കളാണ് ഈ സാഹചര്യത്തില്‍ വച്ച് പ്രതിയെ പിടികൂടിയതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി.
പരമാവധി ശിക്ഷയായ 17 വർഷം തടവ് നൽകണമെന്ന് പ്രൊസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ കോടതി ശിക്ഷ 90 ദിവസമായി ചുരുക്കുകയായിരുന്നു. 'അപകടങ്ങൾ എപ്പോഴും ഭയപ്പെടുത്തുന്ന രൂപത്തിലായിരിക്കില്ല വരുന്നത്, സുന്ദരിയായി നടക്കുന്ന ഒരു ഇരപിടിയനാണ് ഈ സ്ത്രീ, വിശ്വസിച്ച് ഏൽപ്പിച്ച കുട്ടിയെയാണ് ഇവർ വേട്ടയാടിയത്' എന്നായിരുന്നു ശിക്ഷാവിധിയില്‍ ഉപദ്രവത്തിന് ഇരയായ കുട്ടിയുടെ അമ്മയുടെ പ്രതികരണം.