ഫിലിപ്പീന്‍സില്‍ വന്‍ഭൂചലനവും സൂനാമി മുന്നറിയിപ്പും. തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ഫിലിപ്പീന്‍സിലും ഇന്തൊനേഷ്യയിലും സൂനാമി മുന്നറിയിപ്പ് നല്‍കിയത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു മരണം സംഭവിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പ്രകാരം, ജനറൽ സാന്റോസിന് 13 കിലോമീറ്റർ തെക്ക് പടിഞ്ഞാറ്, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പീൻസിന്റെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സൂനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഫിലിപ്പീൻസ്, പലാവു, തായ്‌വാൻ, പാപുവ ന്യൂ ഗിനിയ എന്നിവയുടെ തീരങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സൂനാമി തിരമാലകൾ ഉണ്ടാകാനാണ് സാധ്യത. ഇന്തൊനേഷ്യയുടെയും മലേഷ്യയുടെയും ചില തീരങ്ങളിൽ 1 മീറ്റർ (3 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.