Coastline of Tomakomai, Hokkaido Prefecture, Japan, (Kyodo/via REUTERS)

Coastline of Tomakomai, Hokkaido Prefecture, Japan, (Kyodo/via REUTERS)

TOPICS COVERED

ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവര്‍ സുരക്ഷിതമായ, ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇവാട്ടെയിലെ കുജിയിലെ തുറമുഖത്ത് രണ്ടര അടിയിലധികം ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

ജെഎംഎയുടെ റിപ്പോർട്ട് പ്രകാരം, വടക്കൻ ഇവേറ്റ് പ്രിഫെക്ചറിലെ പസഫിക് സമുദ്രത്തിൽ വൈകുന്നേരം 4:53 നാണ് (0753 GMT) ഭൂകമ്പമുണ്ടായത്. ഇവിടെ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പിന്നാലെ ഏകദേശം 40 മിനിറ്റിനുശേഷമാണ് 80 സെന്റീമീറ്റർ ഉയരത്തില്‍ ഒരു തിരമാല ഇവാട്ടെയിലെ കുജിയിലെ തുറമുഖത്ത് പതിച്ചത്. അതേസമയം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

പ്രദേശത്ത് കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജെഎംഎ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ക്രൈസിസ് മാനേജ്മെന്റ് ടീമിനെയും രൂപീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പുറപ്പെടുവിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങൾ പോലുള്ള സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി സനയ് തകയ്ചി നിര്‍ദേശിച്ചു.

ഭൂകമ്പങ്ങളുടെയും സൂനാമികളുടെയും ഇടയിലെ ജപ്പാന്‍

നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സൂനാമി സാധ്യതാ പ്രദേശം. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇവയില്‍ ബഹുഭൂരിപക്ഷവും ചെറിയ ചലനങ്ങളാണ്.

ഏകദേശം 125 ദശലക്ഷം ആളുകൾ താമസിക്കുന്ന ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയാണ് കടന്നുപോകുന്നത്. 2011-ൽ കടലിനടിയില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഉണ്ടായ സുനാമിയിൽ 18,500 പേർ മരിക്കുകയും ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടാകുകയും ചെയ്തിരുന്നു.

ജപ്പാന് സമീപമുള്ള നാന്‍കായി ട്രഫില്‍ 9.1 തീവ്രതയില്‍ ഒരു ഭൂകമ്പം ഉണ്ടായാൽ മിനിറ്റുകൾക്കുള്ളിൽ 10 മീറ്റര്‍ (33 അടി) ഉയരത്തിൽ സുനാമിക്ക് കാരണമാകുമെന്ന് 2024 ൽ ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 298,000 പേർ വരെ കൊല്ലപ്പെടുകയും 2 ട്രില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടാകുകയും ചെയ്യുമെന്നും അന്നത്തെ മുന്നറിയിപ്പിലുണ്ടായിരുന്നു എന്നാല്‍ ഒരു ആഴ്ചയ്ക്ക് ശേഷം ജെഎംഎ മുന്നറിയിപ്പ് പിൻവലിക്കുകയും ചെയ്തു. ഏകദേശം 900 കിലോമീറ്റർ നീളമുള്ള ഒരു അണ്ടർവാട്ടർ സബ്ഡക്ഷൻ സോണാണിത്. ഇതിനു താഴെ യുറേഷ്യൻ ഫലകം ഫിലിപ്പൈൻ കടൽ ഫലകവുമായി കൂട്ടിയിടിക്കുന്നു.

2025 ഡിസംബറിൽ ജപ്പാനിലെ കിഴക്കൻ തീരമായ ഹോൺഷു ദ്വീപിന് സമീപമുള്ള അമോറിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പും ജപ്പാൻ കാലാവസ്ഥാ ഏജൻസി പുറപ്പെടുവിച്ചിരുന്നു. ഡിസംബർ 8-ന് ഉണ്ടായ ഭൂകമ്പത്തിൽ 70 സെന്റീമീറ്റർ (28 ഇഞ്ച്) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉയരുകയും 40-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

Japan Tsunami Alert: 7.4 Magnitude Earthquake Sparks 10-Foot Wave Warning:

A powerful 7.4 magnitude earthquake struck off the coast of northern Iwate Prefecture, Japan, prompting immediate tsunami warnings for waves up to 3 meters (10 feet). Waves measuring over 80 cm have already been recorded at Kuji Port in Iwate. Tremors were felt as far as Tokyo, hundreds of kilometers away. Prime Minister Sanae Takaichi has urged residents in coastal areas to evacuate to higher ground immediately. While no major damage has been reported yet, a crisis management team has been formed to monitor the situation. Japan, situated on the Pacific 'Ring of Fire,' remains on high alert for potential aftershocks following this significant seismic event.