ഭക്ഷണരീതി വ്യക്തിപരമാണ്. ഒരാള്‍ സസ്യാഹാരിയോ മാംസാഹാരിയോ മിശ്രാഹാരിയോ ആകാം. എന്നാല്‍ തന്‍റെ ഭക്ഷണരീതി മികച്ചതാണ് മറ്റുള്ളവയെല്ലാം മോശമാണ് എന്ന് പുച്ഛിച്ചാല്‍ തിരിച്ച് കിട്ടുന്നതും ഒരു ലോഡ് പുച്ഛം ആയിരിക്കും. ഇന്ത്യയില്‍ 20 ശതമാനത്തോളം ആളുകള്‍ പരിപൂര്‍ണ സസ്യാഹാരികളാണ്. എന്നാല്‍ ലോകത്തിലെ ഇന്ത്യയൊഴിച്ച് രാജ്യങ്ങളില്‍ മാംസാഹാരികളുടെ ശതമാനം ഇതിനും എത്രയോ കൂടുതലാണ്.
ഇന്ത്യയിലെ വെജിറ്റേറിയന്‍സിന് വിദേശയാത്ര ദുരിതമാണെന്ന് തന്നെ പറയാം. വിയറ്റ്നാം പോലെ 99 ശതമാനും നോണ്‍ വെജ് കഴിക്കുന്നവരുള്ള രാജ്യത്തെത്തിയാല്‍ പൂര്‍ണമായും വെജ് ആയ ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടും. സമാന സാഹചര്യത്തില്‍ വിയറ്റ്നാമിലെത്തി ഭക്ഷണം കഴിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ യുവതിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങവില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിഡിയോ പ്രകാരം യുവതി ഹനോയിലെ പ്രശസ്തമായ ട്രെയിന്‍ സട്രീറ്റിലെ ഒരു റസ്റ്ററന്‍റിലിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്. ഇതിനിടെ യുവതി കടയിലെ വെയിറ്ററോട് പച്ചക്കറി മാത്രം മതി, ഇറച്ചി വേണ്ട, മീന്‍ വേണ്ട, മുട്ട പോലും വേണ്ടെന്ന് ആവശ്യപ്പെടുന്നത് കാണാം. താന്‍ നല്‍കിയ ഭക്ഷണത്തില്‍ മാസവിഭവങ്ങളൊന്നുമില്ലെന്നും പൂര്‍ണമായും പച്ചക്കറി കൊണ്ടുണ്ടാക്കിയതാണെന്നും യുവാവ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ യുവതിക്ക് വിശ്വാസമാകാത്തതിനാല്‍ വീണ്ടും വീണ്ടും ഇത് പച്ചക്കറിയാണെന്ന് യുവാവ് ആണയിട്ട് പറയുന്നതും വിഡിയോയില്‍ കാണാം.
വിഡിയോ വൈറലായതോടെ ഒന്നും തിന്നാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാണ് വിയറ്റ്നാമിലോട്ട് കെട്ടിയെടുത്തത് എന്നതടക്കം ഒട്ടേറെ കമന്‍റുകളുണ്ട്. ഒരു രാജ്യത്ത് പോയാല്‍ താന്‍ ഇങ്ങനെയേ കഴിക്കൂ എന്ന് വാശി പിടിച്ചാല്‍ മരിച്ചുപോകുമെന്നും, റീല്‍സിന് റീച്ച് കൂട്ടാന്‍ വെറുതേ ഷോ ഇറക്കുകയാണെന്നുമടക്കം കമന്‍റുകള്‍ വന്നു.
വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടയില്‍ പോസ്റ്റില്‍ യുവതിയെ പിന്തുണച്ച് വിയറ്റ്നാമിലെ വെയിറ്ററും രംഗത്തുവന്നു. അവര്‍ക്ക് അവരുടെ ഭക്ഷണം അവര്‍ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കുകയായിരുന്നു ആവശ്യം, ഒരു വെയിറ്റര്‍ എന്ന നിലയ്ക്ക് തനിക്ക് സാധാരണമായ ഒരു സംഭവമാണിത്. അവര്‍ ആവശ്യമുന്നയിച്ചത് തനിക്ക് ബുദ്ധിമുട്ടായി തോന്നിയില്ലെന്നും വെയിറ്റര്‍ കുറിച്ചു. ഇത് ഒരു ഉപഭോക്താവ് കച്ചവടക്കാരനും തമ്മിലുള്ള ആശയവിനിമയം മാത്രമാണെന്നും, കൂടുതല്‍ സംസാരിക്കുന്ന കസ്റ്റമേഴ്സിനെയാണ് തനിക്ക് ഇഷ്ടമെന്നും യുവാവ് കമന്‍റ് രേഖപ്പെടുത്തി. ഈ വിഡിയോക്ക് യുവാവ് പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുവതി യുവാവിനെ ടാഗ് ചെയ്തിട്ടു. ഇതിന് മറുപടിയായി വീണ്ടും ഹനോയിലേക്ക് വരൂ. താങ്കള്‍ക്ക് വിളമ്പുന്നത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതാണെന്നും യുവാവ് കുറിച്ചു.