uk-case

ബ്രിട്ടണില്‍ നിന്നും പുറത്തുവരുന്ന ലജ്ജാകരമായൊരു വാർത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ പ്രവ്ന ഭട്ട് എന്ന 27കാരന്‍, പതിനാല് വയസ് മാത്രം പ്രായമുള്ള ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ വഴി ലൈംഗികമായി ചൂഷണം ചെയ്യുകയും ഒടുവില്‍ നാടകീയമായി പിടിക്കപ്പെടുകയും ചെയ്തതാണ് സംഭവം.

യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിലവില്‍ പോസ്റ്റ്-സ്റ്റഡി വിസയില്‍ യുകെയില്‍ താമസിക്കുന്ന ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയ വഴി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. പെണ്‍കുട്ടിക്ക് വെറും 14 വയസ് മാത്രമാണ് പ്രായമെന്ന് അറിഞ്ഞിട്ടും തന്റെ ലൈംഗിക വൈകൃതങ്ങള്‍ തുടർന്നെന്നാണ് റിപ്പോര്‍ട്ട്.

പതിനാലുകാരിയോട് ഹോട്ടല്‍ റൂമിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ മുറിയെടുക്കാന്‍ പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് തന്നെയാണ് ഇയാള്‍ കാശ് വാങ്ങിയതും. പക്ഷേ, ഓണ്‍ലൈന്‍ വഴി മാത്രം ബന്ധപ്പെട്ടിരുന്ന കുട്ടിയെ നേരിട്ട് കാണാന്‍ കാത്തിരുന്ന ഇയാള്‍ക്ക് മുന്നിലെത്തിയത് അവിടുത്തെ 'ബ്രിട്ടീഷ് പേട്രിയറ്റ്സ്' എന്ന പ്രാദേശിക വിജിലന്റ് ഗ്രൂപ്പായിരുന്നു. ഓണ്‍ലൈന്‍ വഴി നടക്കുന്ന മനുഷ്യക്കടത്തും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങളും തടയാന്‍ വേണ്ടി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ടീമാണിത്.

ഒടുവില്‍ പ്രവ്നയെ പിടികൂടി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താന്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണമായി സമ്മതിച്ച ഇയാള്‍, പൊലീസിനെ വിളിക്കരുതെന്നും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും പറഞ്ഞ് കൈകൂപ്പി കരയുന്നതും വീഡിയോയില്‍ കാണാം.

ലൈംഗിക താല്‍പര്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇന്റര്‍നെറ്റിലൂടെ വലയിലാക്കുന്ന ഇത്തരം പ്രവണതകള്‍ യുകെയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു ഇന്ത്യക്കാരന്‍ തന്നെ പിടിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളില്‍ നിരവധിപേര്‍ ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്യുമ്പോള്‍, ഇത്തരം ചിലരുടെ പ്രവര്‍ത്തികള്‍ മുഴുവൻ പ്രവാസി സമൂഹത്തിന്റെ പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്നുണ്ട്.

ENGLISH SUMMARY:

UK Indian student arrested for online exploitation of a minor. This incident, involving a 27-year-old Indian national studying in the UK, highlights the growing issue of online grooming and exploitation of underage individuals.