വന്യജീവി ആക്രമണങ്ങള്‍ എന്നും വാര്‍ത്തയാകും. കടുവ വേട്ടയാടിയെന്നും ആന ചവിട്ടിയെന്നും നിരവധി വാര്‍ത്തകള്‍ നാം ദിനംപ്രതി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ വരുന്ന വന്യജീവി മനുഷ്യനോടത്ര തന്നെ ബുദ്ധിയുള്ളതാണെങ്കിലോ. അത്തരമൊരു വാര്‍ത്തയാണ് ജപ്പാനില്‍ നിന്ന് പുറത്തുവരുന്നത്. അതിബുദ്ധിമാനായ കരടി ഇതിനോടകം നാലുപേരെ ആക്രമിച്ചു. അധികൃതരാകട്ടെ കരടിയെ പിടികൂടാനാകാതെ വലയുകയുമാണ്.

ബുധനാഴ്ചയാണ് ഫുക്കൂഷിമയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഒരു വലിയ കരിങ്കരടി എത്തിയത്. പാര്‍ക്കിങിലെത്തിയ കരടി സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ആദ്യം ആക്രമിച്ചത്. എന്നാല്‍ ആ വഴി കാറില്‍ സഞ്ചരിച്ചിരുന്ന ആള്‍ യുവതിക്ക് നേരെ കാറടുപ്പിച്ചതോടെ കരടി യുവതിയെ വിട്ട് ഓടി. ഓഫിസ് ബില്‍ഡിങ്ങിനടുത്തെത്തിയ കരടി അവിടെ ഉണ്ടായിരുന്ന ആളെയും ആക്രമിച്ചു. എന്നാല്‍ അധികനേരം നില്‍ക്കാതെ വീണ്ടും ഓടുകയായിരുന്നു. 

തുടര്‍ന്ന് സമീപത്തെ ഇലക്ട്രോണിക്സ് ഫാക്റ്ററിയില്‍ കയറിയ കരടി ഒളിച്ചിരുന്നു. ശബ്ദം കേട്ട് സ്ഥാപനത്തില്‍ പരിശോധന നടത്തിയ ജീവനക്കാര്‍ കണ്ടത് ടാപ്പ് തുറന്ന് കരടി വെള്ളം കുടിക്കുന്നതാണ്. മനുഷ്യന്‍ വേഷം കെട്ടിയതാണെന്നായിരുന്നു ആദ്യ സംശയം. എന്നാല്‍ കരടിയാണെന്ന് ബോധ്യപ്പെട്ടതോടെ ഫാക്ടറിയില്‍ നിന്നും എല്ലാവരെയും പുറത്താക്കി വാതിലുകളടച്ചു. തുടര്‍ന്ന് മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് അധികൃതരുമെത്തി. 

എന്നാല്‍ 11 മണിയോടെ കരടി മതില്‍ ചാടിപ്പോകുന്നത് കണ്ടതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. എന്നാല്‍ ഫാക്റ്ററി പൂര്‍ണമായും അടച്ചെന്നും മനുഷ്യന്‍ വിചാരിച്ചാലും തുറക്കാനാവില്ലെന്നും ഫാക്റ്ററി ഉടമ പറഞ്ഞു. തുടര്‍ന്ന് സംശയം തീര്‍ക്കാന്‍ ഫാക്റ്ററിയില്‍ തോക്കുമായി കയറിയ പൊലീസും കരടിയെ കണ്ടില്ല. പരിശോധനയില്‍ മനുഷ്യര്‍ക്ക് മാത്രം തുറക്കാനാവുന്ന ജനല്‍ തുറന്നാണ് കരടി രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. 

കരടി ജനല്‍ തുറന്നെന്നും അതീവ ബുദ്ധിമാനാണെന്നും വാര്‍ത്തകള്‍ വന്നതോടെ ഫുക്കൂഷിമയില്‍ ജാഗ്രതാനിര്‍ദേശമിറങ്ങി. പൂട്ടിയ വീടുകളില്‍ കയറാന്‍ കെല്‍പ്പുള്ള അക്രമകാരിയാണ് കരടി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രോണടക്കം നിരവധി ഉപകരണങ്ങള്‍ ഉപയോഗിച്ച് കരടിയെ തിരഞ്ഞെങ്കിലും കരടിയുടെ പൊടി പോലും കിട്ടിയിട്ടില്ല. 

ജപ്പാനില്‍ കരടികള്‍ ഗുരുതരമായ പ്രശ്നമാണ്. 13 പേരെയാണ് മാര്‍ച്ച് മാസം മാത്രം കരടികള്‍ ആക്രമിച്ച് കൊന്നത്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അക്രമകാരികളായ കരടികളെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിലേക്കെത്തിക്കുന്നു എന്നതാണ് നിലവിലെ നിഗമനം. 

ENGLISH SUMMARY:

An intelligent bear in Japan is making headlines for its cunning escape and attacks. This smart bear has attacked four people and evaded capture, showcasing remarkable animal intelligence.