ഇസ്രയേലിന്‍റെ ലബനന്‍  ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണം ഈയടുത്ത് വാര്‍ത്തയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് ക്ഷുഭിതനായെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ‘നിനക്ക് ഭ്രാന്താണെടാ?’ എന്ന് വിളിച്ചുപറഞ്ഞതായും വാര്‍ത്തകളുണ്ടായി. ഇപ്പോഴിതാ താന്‍ അത് തന്നെയാണ് വിളിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.

ഇറാനുമായി  ഒത്തുതീർപ്പു സംഭാഷണത്തിലായിരുന്നു യു.എസ്. യുദ്ധത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ച് എണ്ണ മുട്ടിയതോടെ യുഎസിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി രാജ്യങ്ങളാണ് രംഗത്തുവന്നത്. അതിനാല്‍ യുഎസിന് സന്ധി അനിവാര്യമായിരുന്നു. എന്നാല്‍ ഇറാന്‍  ഒത്തുതീർപ്പു ചര്‍ച്ചകള്‍ നിരസിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഇറാനോട് ഏറെ ആഭിമുഖ്യം കാണിക്കുന്ന ലബനനിലെ ഹമാസ് കേന്ദ്രങ്ങളെ ആക്രമിക്കുന്നത്. 

ലബനന് എതിരെ ഇനിയും ആക്രമണം നടത്തിയാല്‍ രാജ്യാന്തര തലത്തില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും യുഎസ് സഹായിക്കാന്‍ വരില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയെന്നും ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെയെന്ന് പറഞ്ഞ് സാധാരണക്കാരുടെ ജീവനെടുക്കുന്നതില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്നും രൂക്ഷമായ ഭാഷയിലെ ഫോണ്‍വിളി കുറച്ച് സമയം നീണ്ടുവെന്നും കഴിഞ്ഞ ദിവസങ്ങളിലാണ് വാര്‍ത്ത പുറത്തുവന്നത്.

ഫോണ്‍വിളിക്ക് പിന്നാലെ ബെയ്റൂട്ടില്‍ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇത് പിന്നീട് ട്രംപും സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.യുഎസ് പ്രസിഡന്‍റുമായി താന്‍ സംസാരിച്ചുവെന്നും ബെയ്റൂട്ടില്‍ ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടാകാത്തപക്ഷം ഇസ്രയേലും ആക്രമിക്കില്ലെന്നും അതേസമയം തെക്കന്‍ ലബനനില്‍ സൈനിക നടപടി തുടരുമെന്നും നെതന്യാഹു പ്രസ്താവനയിറക്കി. തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും നെതന്യാഹു കുറിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെ ഹിസ്ബുല്ലയും ഇസ്രയേലുമായി ഭാഗികമായ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ലബനന്‍ പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Donald Trump has confirmed a heated phone call with Benjamin Netanyahu regarding Israel's attacks on Lebanon. This call occurred during sensitive US-Iran negotiations, with Trump warning Netanyahu of international isolation and US non-intervention if civilian casualties continued.