അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശരീരഭാരം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ട് പ്രസിഡന്‍റിന്‍റെ ഭാരം ആറ് കിലോയോളം കൂടി 108 കിലോയായെന്ന് ഡോക്ടർമാർ അറിയിച്ചു.
2025 ഏപ്രിലിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ ഔദ്യോഗിക മെഡിക്കൽ ചെക്കപ്പിന് പിന്നാലെ ട്രംപിന്റെ ഔദ്യോഗിക ഫിസിഷ്യൻ ഡോ. ഷോൺ ബാർബബെല്ലയാണ് ഈ ആരോഗ്യവിവരങ്ങൾ പുറത്തുവിട്ടത്. 22 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ സിടി സ്കാനും ക്യാൻസർ സ്ക്രീനിങ്ങും അടക്കമുള്ള വിപുലമായ പരിശോധനകളാണ് 79-കാരനായ ട്രംപിന് നടത്തിയത്.
ആറ് അടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന്‍റെ ബോഡി മാസ് 29.7 ആണ്. ബോഡി മാസ് 30 ആണ് അമിതവണ്ണമുള്ളതായി ഡോക്ടർമാർ കണക്കാക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഭാരം കൂടുന്നതൊഴിച്ചാൽ ട്രംപിന്റെ ഹൃദയ, ശ്വാസകോശ, നാഡീ പ്രവർത്തനങ്ങൾ ശക്തമാണെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 143 ഉള്ള കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ മരുന്നുകൾ ട്രംപ് കഴിക്കുന്നുണ്ട്.
തിരക്കേറിയ ദിനചര്യകൾക്കിടയിലും പ്രസിഡന്റ് സ്ഥാനം വഹിക്കാൻ അദ്ദേഹം പൂർണ്ണ യോഗ്യനാണെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ, ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനും ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനുമുള്ള പ്രതിരോധ കൗൺസിലിംഗും ട്രംപിന് നൽകിയിട്ടുണ്ട്.