പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ 60 ദിവസത്തേക്ക് ധാരണയെത്തിയെന്ന് റിപ്പോര്‍ട്ട്.  വെടിനിർത്തൽ കരാര്‍ നീട്ടാനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാനും ധാരണയായെന്ന് യുഎസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ദിവസങ്ങളില്‍ അന്തിമ അനുമതി നല്‍കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 

 

ഹോർമുസ് കടലിടുക്കിലെ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഇറാൻ ഈ കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഇറാൻ ഉറപ്പുനൽകിയിരിക്കുന്നു. ഇതിന്റെ ഭാഗമായി 30 ദിവസത്തിനുള്ളിൽ കടലിലെ മൈനുകൾ നീക്കം ചെയ്യുമെന്നും വാണിജ്യ കപ്പലുകൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. 

 

കപ്പലുകളിൽനിന്ന് യാതൊരു ടോൾ ഈടാക്കരുതെന്നതും ഒരു വ്യവസ്ഥയാണ്. ഇതിന് പകരമായി, മേഖലയിലെ നാവിക ഉപരോധം അമേരിക്ക ഘട്ടംഘട്ടമായി ലഘൂകരിക്കും. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പും കരാറിന്റെ ഒരു പ്രധാന ഭാഗമാണ്. 60 ദിവസത്തെ ചർച്ചാസമയം കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ തിരികെ നൽകൽ, മാനുഷിക സഹായം എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും.

ENGLISH SUMMARY:

The United States and Iran have reportedly reached a 60-day understanding aimed at restoring peace in West Asia. The proposed agreement includes extending ceasefire arrangements, ensuring safe passage through the Strait of Hormuz, and beginning discussions on Iran’s nuclear programme. Reports indicate that Donald Trump’s final approval is awaited before an official announcement is made.