അമേരിക്കന്‍ പ്രസിഡന്‍റിന്‍റേത് പോലെ നെറ്റിയിലേക്ക് വീണുകിടക്കുന്ന സ്വര്‍ണനിറത്തിലുള്ള മുടിയുള്ള ഒരു പോത്ത്, ‘‍ഡോണള്‍ഡ് ട്രംപ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ബംഗ്ലദേശിലെ വെളുത്ത പോത്തിനെ അറിയാത്തവര്‍ ഇന്ന് കുറവായിരിക്കും. എന്നാല്‍ ഈ പോത്തിനെ ബലിപെരുന്നാളിന് ബലി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ, ‘ട്രംപിന്‍റെ’ ആരാധകരും വിഷമത്തിലായി. എന്നാല്‍ അവസാന നിമിഷത്തെ സർക്കാർ ഇടപെടലിന് പിന്നാലെ ‘ട്രംപിനെ’ ബലിയർപ്പിക്കുന്നതിൽ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ധാക്കയ്ക്കു സമീപത്തെ നാരായണ്‍ഗഞ്ചിലെ സിയാവുദ്ദീന്‍ മൃദയുടെ ഫാമിലാണ് 700 കിലോ ഭാരമുള്ള ‘ഡോണള്‍ഡ് ട്രംപ്’ വളര്‍ന്നത്. നേരത്തേ തന്നെ ബലിപെരുന്നാളിന്‍റെ ഭാഗമായി ഈ പോത്തിനെ വിറ്റിരിന്നു. എന്നാല്‍ പൊതുജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്തും സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയും അവസാന നിമിഷം ഭരണകൂടം ഇടപെടുകയായിരുന്നു. പോത്തിനെ ബലി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനും, വാങ്ങിയ ആള്‍ക്ക് പണം തിരികെ നൽകാനും, പോത്തിനെ ധാക്കയിലെ മൃഗശാലയിലേക്ക് മാറ്റാനും ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.

ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ താരമാണ് നാലുവയസുകാരനായ ആല്‍ബിനോ വിഭാഗത്തില്‍പ്പെട്ട ഈ പോത്ത്. അപൂര്‍വ നിറത്തിലും രൂപത്തിലുമുള്ള പോത്തിനെ കാണാനും വിഡിയോ എടുക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം നിരവധി പേരാണ് ദൂരദേശങ്ങളില്‍ നിന്നുപോലും ഫാമില്‍ എത്തിയിരുന്നത്. ഇതിനിടെ പോത്തിനെ ബക്രീദിന് ബലി നല്‍കുമെന്ന വിവരമറിഞ്ഞതോടെ കാണാന്‍ വരുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കുകയും ചെയ്തിരുന്നു.

തന്റെ ഇളയ സഹോദരനാണ് പോത്തിന്റെ ഹെയര്‍സ്റ്റൈലും നിറവും കണ്ട് ട്രംപ് എന്ന പേര് നിര്‍ദേശിച്ചതെന്ന് ഫാം ഉടമ മൃദ പറഞ്ഞിരുന്നു. ശാന്തനും സൗമ്യശീലനുമാണ് ഈ പോത്ത്. ആല്‍ബിനോ പോത്തുകള്‍ പൊതുവേ അക്രമസ്വഭാവം കാണിക്കാറില്ല. മാത്രമല്ല, ശ്രദ്ധാപൂർവ്വമായ പരിചരണവും ആവശ്യമാണ്. സുഭിക്ഷമായ ആഹാരമാണ് മൃദ ട്രംപിന് നല്‍കിവരുന്നത്. ദിവസേന നാലുതവണ കുളിപ്പിക്കുകയും ചെയ്യും.

ബംഗ്ലദേശിൽ ആൽബിനോ പോത്തുകള്‍ അത്യപൂർവവുമാണ്. ഇവ കാഴ്ചക്കാരില്‍ കൗതുകവും അമ്പരപ്പും സൃഷ്ടിക്കും. ശരീരത്തിൽ മെലാനിന്റെ കുറവ് മൂലം ചര്‍മത്തിനു വെളുത്ത നിറവും, മൂക്കിന് പിങ്ക് നിറവുമാണ്. നേര്‍ത്ത സ്വര്‍ണ നിറത്തിലുള്ള മുടിയും ആൽബിനോ പോത്തുകളുടെ പ്രത്യേകതയാണ്.

ENGLISH SUMMARY:

A viral four-year-old albino buffalo named "Donald Trump" has been officially spared from the Eid al-Adha sacrifice following a last-minute intervention by the Bangladesh government. The 700-kg animal, raised at Ziauddin Mridha's farm in Narayanganj near Dhaka, achieved social media stardom due to its rare white coat, pink muzzle, and a tuft of blonde hair resembling the former US President. Although the livestock had already been sold to a buyer for the festive sacrifice, growing public interest and logistical security concerns prompted Home Minister Salahuddin Ahmed to step in. The official directive mandated refunding the buyer's money, canceling the slaughter, and safely relocating the docile mammal to the national zoo in Dhaka for public viewing. Geneticists note that such albino buffaloes are exceptionally rare in the region, resulting from a congenital lack of melanin pigment that requires meticulous physical care and shelter.